സി.എഫ്.എല്‍.റ്റി.സി.; ജീവനക്കാര്‍ക്ക് പരിശീലനം നല്കി
തൊടുപുഴയില്‍ പ്രവര്‍ത്തന സജ്ജമായ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ (സി.എഫ്.എല്‍.റ്റി.സി.) സേവനം ചെയ്യുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്കി. ഒരു മാസത്തേക്ക് ജോലി ചെയ്യേണ്ട ഡോക്ടര്‍മാര്‍, ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സുമാര്‍, നഴ്സിങ് അസിസ്റ്റന്റുമാര്‍, ക്ലീനിംഗ് സ്റ്റാഫുകള്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, വോളന്റിയര്‍മാര്‍, ഫാര്‍മസിസ്റ്റ്, പബ്ളിക് ഹെല്‍ത്ത് സ്റ്റാഫ് എന്നിവര്‍ക്കാണ് സെന്ററിലെത്തിച്ച് പരിശീലനം നല്‍കിയത്. ഇതില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന ജീവനക്കാര്‍ക്ക് സീനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലായിരുന്നു പരിശീലനം.
തൊടുപുഴ നഗരസഭയാണ് ക്ലീനിംഗ് സ്റ്റാഫുകളെ ലഭ്യമാക്കിയത്. ഇവര്‍ക്കായി ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സും തൊടുപുഴ ഐസൊലേഷന്‍ വാര്‍ഡ് നഴ്സിംഗ് ഇന്‍-ചാര്‍ജ്ജുമായ സി.കെ.ഉഷാകുമാരിയുടെ നേതൃത്വത്തില്‍ പരിശീലനം നല്കി. പി.പി.ഇ. കിറ്റ് ധരിക്കല്‍, മാലിന്യ സംസ്കരണം, രോഗികള്‍ ഉപയോഗിച്ചതും സ്പര്‍ശിച്ചതുമായ വസ്തുക്കള്‍ അണുവിമുക്തമാക്കല്‍, കെട്ടിടത്തില്‍ അണു നശീകരണം നടത്തല്‍, രോഗബാധയേല്‍ക്കാതെയും പകരാതെയും പ്രവര്‍ത്തിക്കുന്നതിനും, മാനസിക സമ്മര്‍ദ്ദം ഉണ്ടാവാതിരിക്കാനുമുള്ള പരിശീലനങ്ങളാണ് നല്‍കിയത്. പുരുഷ - വനിതാ വാര്‍ഡുകളിലേക്കായി പ്രത്യേകം ക്ലീനിംഗ് സ്റ്റാഫുകളെയാണ് നിയോഗിച്ചിരിക്കുന്നത്.
- Log in to post comments