Skip to main content

പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന്‍ കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പോലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
വിവിധ ജില്ലകളിലായി ആറ് പോലീസ് സ്റ്റേഷനുകളും പോലീസ് ക്വാര്‍ട്ടേഴ്സുകളും കാസര്‍കോട് ജില്ലാ പരിശീലന കേന്ദ്രവും തൃശൂര്‍ പോലീസ് അക്കാദമിയില്‍ ബാരക്കും മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും നാടിന്റെ സുരക്ഷിതത്വത്തിനും വേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട  സ്ഥാപനങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും ജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇവ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 
ഗ്രാമപഞ്ചായത്ത് വീട്ടിക്കുന്നില്‍ 25 സെന്റ് സ്ഥലത്താണ് കേരളാ പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍  കോര്‍പ്പറേഷന്‍ പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന് വേണ്ടി പുതിയ ഇരുനില കെട്ടിടം പണി കഴിപ്പിച്ചത്. 
മാവോയിസ്റ്റ് സാന്നിദ്ധ്യം നിലനില്‍ക്കുന്ന നിലമ്പൂര്‍ വനമേഖല ഉള്‍പ്പെടുന്ന പോലീസ് സ്റ്റേഷന്‍ ആയതിനാല്‍  സുരക്ഷിതവും സൗകര്യപ്രദവുമായ കെട്ടിടമാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. 73 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. 2013ലാണ് അമരമ്പലം ഗ്രാമ പഞ്ചായത്ത് വക കെട്ടിടത്തില്‍ പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്.
പി.വി അബ്ദുല്‍ വഹാബ് എംപി, നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍, പൂക്കോട്ടുംപാടം പഞ്ചായത്ത് പ്രസിഡന്റ് മുനീഷ കടവത്ത്, കരുളായി പഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. പെരിന്തല്‍മണ്ണ എഎസ്പി ഹേമലത ഐപിഎസ്, സീനിയര്‍ ഡി.വൈ.എസ്.പി മോഹനചന്ദ്രന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി വിഷ്ണു, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 
 

date