ഫസ്റ്റ് ബെല്‍ മുഴങ്ങാന്‍ ആലത്തൂരില്‍ 155 ടിവികള്‍
കോവിഡ് കാലത്ത് എല്ലായിടത്തും ഫസ്റ്റ് ബെല്‍ മുഴങ്ങാന്‍ ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആലത്തൂര്‍ എംഎല്‍എയുടെ വിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ നേതൃത്വത്തില്‍ 155 ടി.വികള്‍ വിതരണം ചെയ്തു. നിയോജക മണ്ഡലംതല ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഓണ്‍ലൈന്‍ പഠനത്തിന് കുട്ടികള്‍ ഏറെ ആശ്രയിക്കുന്ന അങ്കണവാടികളും വായനശാലകളും ക്ലബ്ബുകളും അടങ്ങുന്ന പ്രാദേശിക പഠന കേന്ദ്രങ്ങളിലായി 150 ടിവികളാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചതെങ്കിലും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ ആവശ്യപ്രകാരം 155 ടിവികള്‍ എത്തിക്കാന്‍ കഴിഞ്ഞതായി പരിപാടി ഉദ്ഘാടനം ചെയ്ത് കെ.ഡി പ്രസേനന്‍ എം എല്‍ എ പറഞ്ഞു. അഭ്യര്‍ത്ഥന ഏറ്റെടുത്ത് നിരവധി വ്യക്തികളും കൂട്ടായ്മകളും സാമ്പത്തികം സഹായം നല്‍കി പദ്ധതിയുടെ ഭാഗമായി. സാമ്പത്തികമായി പുറകില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാവുന്ന ദിശയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേലാര്‍കോട് ഗ്രാമപഞ്ചായത്ത്- 19, ആലത്തൂര്‍- 24, വണ്ടാഴി- 25, കിഴക്കഞ്ചേരി- 24, കുഴല്‍മന്ദം- 21, എരിമയൂര്‍- 25, തേങ്കുറുശ്ശി- 17 എന്നിങ്ങനെയാണ് ടിവികള്‍ വിതരണം ചെയ്തത്. ആലത്തൂര്‍ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശ കെ.എസ്.എഫ്.ഇയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഓണ്‍ലൈന്‍ പഠനത്തിനായി പഞ്ചായത്തുകള്‍ നിര്‍ദ്ദേശിച്ച അങ്കണവാടികളും വായനശാലകളും ക്ലബ്ബുകളും അടങ്ങുന്ന 155 പൊതു പഠന കേന്ദ്രങ്ങള്‍ക്കാണ് ടി വികള്‍ വിതരണം ചെയ്തത്. മണ്ഡലതല ഉദ്ഘാടനത്തിനു ശേഷം എല്ലാ പഞ്ചായത്തുകളിലും ടിവികള്‍ എത്തിച്ചു. ആലത്തൂര്‍ ആലിയാ മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ നാസര്‍ അധ്യക്ഷനായി. ദിശ കണ്‍വീനര്‍ വി ജെ ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് കെ രമ, ബി സി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments