കൊവിഡ്: ആരോഗ്യപരിരക്ഷയില്‍ പുതിയ അവബോധം വേണം- വെബിനാര്‍
കൊവിഡ് 19 പ്രതിസന്ധിയുടെ പുതിയ കാലത്ത് ആരോഗ്യ പരിരക്ഷ സംബന്ധിച്ച് സമൂഹത്തില്‍ പുതിയ അവബോധം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് ആയുഷ്മിഷന് കോഴിക്കോട്, വയനാട് ജില്ലാ മുന്‍ പ്രോഗ്രാം മാനേജരും മരുതോങ്കര ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുമായ ഡോ. ജി എസ് സുഗേഷ് കുമാര്‍. ജീവിത രീതി എന്ന നിലയില്‍ ആയുര്‍വേദം പ്രോത്സാഹിപ്പിക്കപ്പെടുന്നത് രോഗ പ്രതിരോധത്തിന് ഏറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്തെ ആരോഗ്യ സംരക്ഷണം ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ കണ്ണൂരിലെ കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ കൂത്തുപറമ്പ് ബ്ലോക്ക് ഐ സി ഡി എസുമായി ചേര്‍ന്ന് സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൊവിഡ് 19 പോലെ മഹാമാരികള്‍ ഉണ്ടാകുന്ന കാലത്ത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം ശ്രദ്ധിക്കപ്പെടണം. എല്ലാ പഞ്ചായത്തുകളിലും സൗജന്യ ആയുര്‍വേദ ചികിത്സ ലഭ്യമാക്കി ഈ രംഗത്ത് സംസ്ഥാനം മികച്ച മാതൃകയാകണം. കൊവിഡ് കാലത്തെ ആരോഗ്യ സുരക്ഷയ്ക്കും രോഗപ്രതിരോധത്തിനും വിവിധ ചികിത്സാ സമ്പ്രദായങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്് എ അശോകന് വെബിനാര്‍ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ്, പേരാവൂര്‍ ബ്ലോക്കുകളിലെ ഐ സി ഡി എസ് പ്രവര്‍ത്തകര്‍ വെബിനാറില്‍ സംബന്ധിച്ചു. കണ്ണൂര്‍ ജില്ലാ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ബിജു മാത്യു, ഐ സി ഡി എസ് കൂത്തുപറമ്പ് ബ്ലോക്ക് ശിശു വികസന പ്രോജക്ട് ഓഫീസര്‍ പ്രീത, കെ എസ് ബാബു രാജന് എന്നിവര്‍ സംസാരിച്ചു
- Log in to post comments