പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായി കരുതൽ കെയർ സെന്ററുകൾ ഒരുങ്ങുന്നു
കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാരെയും മാരക രോഗങ്ങളുള്ളവരേയും സംരക്ഷിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ കരുതൽ കെയർ സെന്ററുകൾ ഒരുങ്ങുന്നു. കോവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചവർ ഈ വിഭാഗത്തിൽപ്പെടുന്നതാണെന്ന് കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണ് പ്രായമായവരെ സംരക്ഷിക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക കർമ്മ പദ്ധതി ആവിഷ്‌കരിച്ചത്.
ഓരോ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലും ഒരു കരുതൽ കെയർ സെന്റർ ഒരുക്കും. ഏറ്റവും കൂടിയ ഗുണനിലവാരം ഉറപ്പു വരുത്തിയായിരിക്കും ഇവ സജ്ജമാക്കുക. പ്രത്യേകം മെഡിക്കൽ ടീമിനെയും പാലിയേറ്റിവ് വളണ്ടിയർമാരേയും ഇവിടേക്ക് നിയോഗിക്കും.
വീടുകളിൽ മറ്റുള്ളവർക്ക് രോഗം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ പ്രായമായവരേയും മറ്റു രോഗമുള്ളവരേയും അവിടെ നിന്ന് കരുതൽ കെയർ സെന്ററുകളിലേക്ക് മാറ്റും. എന്നാൽ ഇത് നിർബന്ധിതമായി ചെയ്യുകയില്ല.
വീടുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഉള്ളവർക്ക് അവിടെ തുടരാം. രോഗം ഇവരിലേക്ക് പകരാതിരിക്കാൻ വീട്ടുകാർ ഗൗരവ ശ്രദ്ധപുലർത്തണം. ആവശ്യ ഘട്ടത്തിൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനം ലഭ്യമാകും.
ജില്ലയിലെ മുതിർന്ന പൗരന്മാരുടേയും മാരക രോഗമുള്ളവരുടേയും കണക്കെടുപ്പ് വാർഡ് തല ആർ.ആർ.ടികൾ മുഖേന നടത്തും. ജാഗ്രതാ പോർട്ടലിൽ ഈ വിവരങ്ങൾ ക്രോഡീകരിക്കും. ജില്ലാ തല കൺട്രോൾ റൂം വഴി ഇവരുടെ നിരീക്ഷണത്തിനും ചികിത്സയ്ക്കും സംവിധാനമൊരുക്കും. സബ് കലക്ടർ, ഡെപ്യൂട്ടി കലക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ കരുതൽ കെയർ സെന്ററുകളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കും.
രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും വാർഡുതല ജാഗ്രതാ സമിതികളും അതീവ ഗൗരവ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് ജില്ലാ കലക്ടർ എസ് സാംബശിവ റാവു നിർദ്ദേശിച്ചു.
ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഏതു സമയവും ഉപയോഗപ്പെടുത്താൻ പാകത്തിൽ സജ്ജമാക്കി നിർത്തണം. ഇവിടങ്ങളിലേക്കുള്ള മെഡിക്കൽ സംഘത്തെ ജില്ലാ മെഡിക്കൽ ഓഫീസർ നിയോഗിക്കും.
മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് വേണ്ടി പ്രത്യേകം കോവിഡ് കെയർ സെന്ററുകൾ തയ്യാറാക്കും. കൊടുവള്ളി, വടകര, കോഴിക്കോട് വലിയങ്ങാടി എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഒരുക്കുക. അതത് പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് ഈ സൗകര്യം പ്രവർത്തിക്കുക.
- Log in to post comments