Skip to main content

കോവിഡ് പ്രതിസന്ധി ലൈഫ് ഭവന നിര്‍മ്മാണത്തെ ബാധിക്കില്ല; പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍

 

 

 

 കോവിഡ് പ്രതിസന്ധിക്കിടയിലും ലൈഫ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്ത് 2,21,206 വീടുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചതായും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ലൈഫ് പദ്ധതി മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടോല്‍ക്കുന്നില്‍ നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിട്ടു നല്‍കിയ 1.63 ഏക്കര്‍ സ്ഥലത്താണ് പുതിയ ഭവന സമുച്ചയം നിര്‍മ്മിക്കുന്നത്. 5.25 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ ലൈഫ് ഭവന സമുച്ചയ നിര്‍മ്മാണത്തിലെ പൈലറ്റ് പ്രോജക്ടാണ് ചാത്തമംഗലം കോട്ടോല്‍ക്കുന്നിലെ ഈ പദ്ധതി. നാല് നിലകളിലായി 42 യൂണിറ്റുകളാണ് ഈ ഭവന സമുച്ചയത്തില്‍ ഉണ്ടാവുക. നിര്‍മ്മാണത്തിന്റെ പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി തൃശ്ശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത് ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ആണ്. 

 

കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ലൈഫ് മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി രണ്ട് പദ്ധതികള്‍ക്കാണ് അനുമതി ലഭ്യമാക്കിയത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടോല്‍ക്കുന്നിന് പുറമെ മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പൊന്‍പാറക്കുന്നില്‍ പൊതുമരാമത്ത് വകുപ്പ് വിട്ടു നല്‍കിയ 2.66 ഏക്കര്‍ സ്ഥലത്താണ് രണ്ടാമത്തെ പദ്ധതിക്ക് അനുമതിയായത്. ഇവിടെ 6.16 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തില്‍ 44 കുടുംബങ്ങള്‍ക്കാണ് താമസ സൗകര്യം ഒരുക്കുന്നത്. 

 

എല്ലാ ഭനവരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഒന്നാം ഘട്ടത്തില്‍ 237 വീടുകളും രണ്ടാം ഘട്ടത്തില്‍ 334 വീടുകളുമാണ് അനുവദിച്ചത്. ഒന്നാം ഘട്ടത്തില്‍ കുന്ദമംഗലത്ത് 77, ചാത്തമംഗലത്ത് 31 , മാവൂരില്‍ 30, പെരുവയലില്‍ 13, പെരുമണ്ണയില്‍ 17 , ഒളവണ്ണയില്‍ 69 വീടുകളും രണ്ടാം ഘട്ടത്തില്‍ കുന്ദമംഗലത്ത് 42, ചാത്തമംഗലത്ത് 77, മാവൂരില്‍ 55, പെരുവയലില്‍ 48, പെരുമണ്ണയില്‍ 68 , ഒളവണ്ണയില്‍ 44  വീടുകള്‍ ഉള്‍പ്പെടെ ആകെ 571 വീടുകള്‍ അനുവദിച്ചു.

 

പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ്,  ജില്ലാ കലക്ടര്‍ സാംബശിവ റാവു, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍, ചാത്തമംഗലം 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ.് ബീന, വൈസ് പ്രസിഡന്റ് ടി.എ. രമേശന്‍, മെമ്പര്‍ എന്‍. സുരേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് ചെറുകരക്കുന്നേല്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. ലൈഫ് മിഷന്‍ ജില്ലാ 

കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

date