Skip to main content

കശുവണ്ടി ഫാക്ടറികള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കും

ജില്ലയില്‍ കണ്ടയിന്‍മെന്റ് സോണുകളില്‍ ഇളവ് അനുവദിച്ച ഇടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ജില്ലയിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫാക്ടറി മാനേജ്മെന്റുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണം. ഒരു വാര്‍ഡില്‍ ഒരു രോഗി മാത്രമുള്ള ചില ഇടങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകള്‍ ആകാറുണ്ട്. ചില പഞ്ചായത്തുകളില്‍ രോഗികള്‍ എണ്ണത്തില്‍ കൂടയതിനാല്‍ കണ്ടയിന്‍മെന്റ് സോണ്‍ ആകാറുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിക്കാവുന്നതാണ്. കശുവണ്ടി ഫാക്ടറികളില്‍ എണ്ണത്തില്‍ കുറഞ്ഞ ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ.
കണ്ടയിന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം. കണ്ടയിന്‍മെന്റ് സോണ്‍ അല്ലാത്ത ഇടങ്ങളിലും കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം. പ്ലസ് വണ്‍ പ്രവേശനം, ലൈഫ് മിഷന്‍ അപേക്ഷ എന്നിവ പരിഗണിച്ച് അക്ഷയ സെന്ററുകള്‍ തുറക്കാം. സാമൂഹിക അകലം പാലിക്കണം തിരക്ക് ഒഴിവാക്കണം - മന്ത്രി നിര്‍ദേശിച്ചു.
ജില്ലയിലെ കണ്ടയിന്‍മെന്റ് സോണുകളില്‍ രോഗമുക്തിക്കനുസരിച്ച് കൂടുതല്‍ ഇളവുകള്‍ വരുത്തും. 12 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 1706 കിടക്കകള്‍ തയ്യാറായതായി യോഗത്തില്‍ അറിയിപ്പുണ്ടായി. തയ്യാറാക്കുന്ന കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ജനപ്രതിനിധികള്‍ വിലയിരുത്തണമെന്ന് മന്ത്രി കെ രാജു നിര്‍ദേശിച്ചു.
ചികിത്സ നിഷേധിച്ചാല്‍ നടപടി
കോവിഡ് രോഗമുക്തി നേടിയവര്‍ മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സ തേടി സമീപിക്കുമ്പോള്‍ ചില സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ചികിത്സയ്ക്ക് എത്തുന്നവര്‍ക്കും ഇത്തരം അനുഭവമുണ്ടായതായി അറിയുന്നു. ചികിത്സ ലഭിക്കേണ്ടവര്‍ക്ക് അവ നിഷേധിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാതല അവലോകന യോഗത്തില്‍ ജനപ്രനിധികള്‍ ഇക്കാര്യം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കണ്ടയിന്‍മെന്റ് സോണുകള്‍ പൂര്‍ണമായി അടയ്ക്കുമ്പോള്‍ രോഗികള്‍ക്കും മറ്റും വേണ്ട സഞ്ചാര സൗകര്യം ഉറപ്പാക്കണം, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന മേഖലകളില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സംവിധാനം ഒരുക്കണം. ലൈഫ് മിഷന്‍ അപേക്ഷ നല്‍കാന്‍ സംവിധാനം വേണം തുടങ്ങിയ നിര്‍ദേശങ്ങളും ജനപ്രതിനിധികള്‍ അവതരിപ്പിച്ചു.
ലൈഫ് മിഷന് ലഭിച്ച അപേക്ഷകളില്‍ കൂടുതല്‍ രേഖകള്‍ ആവശ്യമുള്ളതും ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ എം പി മാരായ കെ സോമപ്രസാദ്, എ എം ആരിഫ്, എം എല്‍ എ മാരായ മുല്ലക്കര രത്നാകരന്‍, കോവൂര്‍ കുഞ്ഞുമോന്‍, പി അയിഷാ പോറ്റി, ജി എസ് ജയലാല്‍, ആര്‍ രാമചന്ദ്രന്‍, കെ ബി ഗണേഷ്‌കുമാര്‍, എം നൗഷാദ്, എം മുകേഷ്, മേയര്‍ ഹണി ബഞ്ചമിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി തുടങ്ങിയവര്‍ പങ്കെടുത്തു.
 (പി.ആര്‍.കെ നമ്പര്‍ 2025/2020)

date