102 കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നു
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 3-ാം തീയതി രാവിലെ 10.30ന് ഓൺലൈൻ പ്ലാറ്റ്ഫോം വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മണ്ഡലാനുസരണം എം.പി.മാർ, എം.എൽ.എ.മാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ ഓൺലൈൻ മുഖേന പങ്കെടുക്കും.
കോവിഡ് പ്രതിരോധത്തിലുൾപ്പെടെ ജനകീയ ആരോഗ്യം സംരക്ഷിക്കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങൽ വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഈ സർക്കാർ ആവിഷ്‌ക്കരിച്ച ആർദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്. ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. രണ്ടാം ഘട്ടത്തിൽ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ തെരഞ്ഞെടുത്തിരുന്നു. ഇതിൽ 164 കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാവുകയും ബാക്കിയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയും ചെയ്യുന്നു. രണ്ടാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമായ 102 കുടുംബോരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങൾക്ക് പ്രാദേശിയ തലത്തിൽ തന്നെ മികച്ച സൗകര്യങ്ങളോട് കൂടിയ രോഗീ സൗഹൃദ ചികിത്സാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സേവന മേഖല വിപുലമാക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം വൈകിട്ട് ആറുവരെ ആക്കുകയും കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമിക്കുകയും ചെയ്തു. നിത്യേനയുള്ള ജീവിതശൈലി രോഗ ക്ലിനിക്കുകൾ, സ്വകാര്യതയുള്ള പരിശോധന മുറികൾ, മാർഗരേഖകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സകൾ, ഡോക്ടർമാരെ കാണുന്നതിനു മുമ്പ് നഴ്സുമാർ വഴി പ്രീ ചെക്കപ്പിനുള്ള സൗകര്യം, രോഗി സൗഹൃദവും ജന സൗഹാർദ്ദവുമായ അന്തരീഷം എന്നിവയാണ് ആർദ്രം മിഷൻ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കൂടാതെ ആസ്മ, ശ്വാസതടസം തുടങ്ങിയ രോഗങ്ങൾക്കുള്ള ശ്വാസ് ക്ലിനിക്ക്, മാനസികാരോഗ്യ പരിചരണത്തിന് ആശ്വാസം ക്ലിനിക്ക്, ഫീൽഡ് തലത്തിൽ സമ്പൂർണ മാനസികാരോഗ്യ പരിപാടി, എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് പ്രവർത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം ക്ലിനിക്കുകൾ എന്നിവയാണ് പ്രാഥമിക ഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നടപ്പിലാക്കി വരുന്നത്.
പി.എൻ.എക്‌സ്. 2632/2020
- Log in to post comments