Skip to main content

സ്വാതന്ത്ര്യ ദിനാഘോഷം; സ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരം

എറണാകുളം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈനിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ഓൺലൈനിൽ സംഘടിപ്പിക്കുന്നത്. കഥ, കവിത, കാർട്ടൂൺ, ഉപന്യാസം, പോസ്റ്റർ രചന, ചിത്രരചന, കൊളാഷ്, വീഡിയോ നിർമ്മാണം എന്നിവയാണ് മത്സര ഇനങ്ങൾ.
    സ്കൂളുകൾ ഓരോ വിദ്യാലയ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികളുടെ വിവരങ്ങൾ സൃഷ്ടികളോടൊപ്പം ഈ മാസം പത്താം തീയതിക്ക് മുൻപായി ബന്ധപ്പെട്ട ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ അറിയിക്കണം. എൽ.പി. യു.പി വിഭാഗത്തിൽ സ്കൂളുകൾ സമർപ്പിക്കുന്ന സൃഷ്ടികളിൽ നിന്നും ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയവരെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ തിരഞ്ഞെടുക്കണം. ഹൈസ്കൂൾ വിഭാഗം കുട്ടികളിൽ നിന്നും വിദ്യാഭ്യാസ ജില്ലാതല വിജയികളെ ബന്ധപ്പെട്ട എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും തിരഞ്ഞെടുക്കണം. 
   എല്ലാ ജില്ലാ  / ഉപജില്ല  വിദ്യാഭ്യാസ ഓഫീസർമാരും മത്സരവിജയികളുടെ വിവരങ്ങൾ സൃഷ്ടികളോടൊപ്പം ഈ മാസം 11 ന്  മുൻപായി എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കണം. ഓരോ വിഭാഗത്തിൽ നിന്നുമുള്ള മത്സര വിജയികളെ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ജില്ലാ കളക്ടർ പ്രഖ്യാപിക്കും.

date