Skip to main content

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ സംസ്ഥാനതല  ഉദ്ഘാടനം മാര്‍ച്ച് 11ന് കണ്ണൂരില്‍ 

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 11 രാവിലെ 9 മണിക്ക്് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍  നിര്‍വഹിക്കും. തുറമുഖ, പുരാവസ്തു വകുപ്പു രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ രോഗാണു സംക്രമണം തടയുന്നതാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍. രോഗപ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ തുള്ളിമരുന്ന് ലഭിച്ച കുട്ടികള്‍ക്ക് പോളിയോ രോഗത്തിനെതിരെ വ്യക്തിഗത രോഗപ്രതിരോധശക്തി ലഭിക്കുന്നുണ്ടെങ്കിലും പോളിയോ രോഗാണു സംക്രമണം തടയുന്നതിന് പള്‍സ് പോളിയോ പരിപാടിയിലൂടെ നല്‍കുന്ന തുള്ളിമരുന്നും അത്യാവശ്യമാണ്. ഇന്ത്യയില്‍ 1995 ലാണ് പള്‍സ് പോളിയോ പരിപാടി ആരംഭിച്ചത്.     
അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം തുള്ളിമരുന്നു ലഭിക്കുമ്പോള്‍ കുട്ടികളുടെ കുടലിലുള്ള വാക്‌സിന്‍ വൈറസ് പെരുകുകയും മലത്തിലൂടെ വിസര്‍ജ്ജിക്കപ്പെടുകയും അവ കുടലിലും പരിസരത്തുമുള്ള രോഗമുണ്ടാക്കുന്നവൈറസുകളെ നശിപ്പിക്കുകയും അങ്ങനെ പോളിയോ രോഗാണു സംക്രമണം തടഞ്ഞ് പോളിയോ നിര്‍മാര്‍ജനം സാധ്യമാക്കുകയും ചെയ്യുന്നു. ദേശീയ പള്‍സ് പോളിയോ ദിനത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എല്ലാ നവജാത ശിശുക്കള്‍ക്കും പള്‍സ് പോളിയോ വാക്‌സിന്‍ നല്‍കണമെന്ന് ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ  ഡോ. എം. കെ. ഷാജ്, ജില്ലാ ആര്‍. സി. എച്ച്. ഓഫീസര്‍ ഡോ. പി. എം. ജ്യോതി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 30 വര്‍ഷങ്ങളായി ഉപയോഗത്തിലുള്ളതും തീര്‍ത്തും സുരക്ഷിതവുമാണ് ഈ തുള്ളിമരുന്ന്. വയറിളക്കമോ മറ്റ് രോഗങ്ങളോ ഉള്ള കുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ കൊടുക്കാം. പോളിയോ കൊടുക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മറ്റ് രോഗങ്ങള്‍ക്കുള്ള മരുന്നും കൊടുക്കാവുന്നതാണ്. 
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം കണ്ണൂര്‍ ജില്ലയില്‍ അഞ്ചു വയസ്സിനു താഴെയുള്ള 1,87,233 കുട്ടികളും ഇതരസംസ്ഥാനക്കാരുടെ 1157 കുട്ടികളുമുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍, സി.എച്ച്.സികള്‍, പി.എച്ച്.സികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍, ബസ്‌സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലായി 1898 ബൂത്തുകള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ പോളിയോ വാക്‌സിന്‍ നല്‍കും. ആരോഗ്യവകുപ്പു ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനാപ്രതിനിധികള്‍ തുടങ്ങി പ്രത്യേക പരിശീലനം നേടിയ  വളണ്ടിയര്‍മാരും സൂപ്പര്‍വൈസര്‍മാരും വാക്‌സിന്‍ വിതരണത്തില്‍ പങ്കാളികളാകും. ബസ്‌സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ 55 ട്രാന്‍സിറ്റ് ബൂത്തുകളും 178 മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിക്കും. കോര്‍പ്പറേഷനും മുന്‍സിപ്പാലിറ്റികള്‍ക്കും ആയി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ ആര്‍.സി.എച്ച് ഓഫീസറും ജില്ലാതലത്തില്‍ പരിപാടിയുടെ മേല്‍നോട്ടം വഹിക്കും. കൂടാതെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ബ്ലോക്ക് തലത്തിലുള്ള മേല്‍നോട്ടത്തിന്റെ ചുമതലയുണ്ടാവും. സംസ്ഥാനതല നിരീക്ഷകരുമുണ്ട്. റോട്ടറി ഇന്റര്‍നാഷണല്‍, ഐ.എം.എ, ഐ.എ.പി തുടങ്ങിയ സംഘടനകളുടെ സജീവമായ പങ്കാളിത്തവും പിന്തുണയും പള്‍സ് പോളിയോ പരിപാടിക്ക് ഈ വര്‍ഷവും ലഭിക്കുന്നുണ്ട്. 
ഇന്ത്യയില്‍ 2011 ജനുവരി 13ന് പശ്ചിമബംഗാളിലെ ഹൗറയില്‍ നിന്നുമാണ് ഒടുവിലത്തെ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷം  രാജ്യത്ത് ഒരിടത്തു നിന്നും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. കേരളത്തില്‍ 2000 സപ്തംബറില്‍ മലപ്പുറത്തു നിന്നും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം നാളിതുവരെ ഒരു കേസും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ 2014ല്‍ ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചു. പക്ഷേ, അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലും പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് പള്‍സ് പോളിയോ പരിപാടി തുടരുന്നത്. ആഗോളതലത്തില്‍ പോളിയോ രോഗ നിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ രോഗത്തിന്റെ പുന:പ്രവേശനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തമായി നടപ്പിലാക്കേണ്ടതുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ. എന്‍. അജയ്, റോട്ടറി ഇന്റര്‍നാഷനല്‍ പോളിയോ പ്ലസ് ചെയര്‍മാന്‍ ഡോ. രാജ് ഐസക് ഉമ്മന്‍, റോട്ടറി ക്ലബ് ഓഫ് കാനന്നൂര്‍ സെക്രട്ടറി ടി. സഹദേവന്‍ എന്നിവരും പങ്കെടുത്തു.

date