ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ആഗസ്റ്റ് 10 വരെ നിരോധിച്ച് ഉത്തരവ്
മഞ്ഞ അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം ആഗസ്റ്റ് അഞ്ചു മുതല്‍ 10 വരെ നിര്‍ത്തിവച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി.
ജില്ലയിലെ ക്വാറികള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ജില്ലാ പോലീസ് മേധാവി, തിരുവല്ല സബ് കളക്ടര്‍, അടൂര്‍ ആര്‍ഡിഒ, ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് അഞ്ചു മുതല്‍ ഒന്‍പതു വരെ തുടര്‍ച്ചയായ അഞ്ചു ദിവസം പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിശക്തമായ മഴ പെയ്യുന്നത് മണ്ണിന്റെ ഘടനയെയും, സ്ഥിരതയെയും ബാധിക്കും. ഈ സാഹചര്യത്തില്‍ ക്വാറികളുടെയും, ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് കാരണമാകാന്‍ സാധ്യതയുള്ളതു കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ വിവരം അറിയിക്കണം. ജില്ലാ തല, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍: ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ -0468-2322515, 9188297112. ജില്ലാ കളക്ടറേറ്റ് -0468-2222515. താലൂക്ക് ഓഫീസ്അടൂര്‍ -04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി -0468-2222221. താലൂക്ക് ഓഫീസ് കോന്നി -0468-2240087. താലൂക്ക് ഓഫീസ് റാന്നി -04735-227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി -0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല -0469-2601303.
- Log in to post comments