Skip to main content

തീരമേഖലയിൽ അതീവജാഗ്രത ആവശ്യം; തദ്ദേശസ്ഥാപനങ്ങളുടെ അടിയന്തര ജനകീയ ഇടപെടൽ വേണം: മന്ത്രി തോമസ് ഐസക്

ആലപ്പുുഴ:  കോവിഡ് 19 മായി ബന്ധപ്പെട്ട്  തീരപ്രദേശങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഇവിടങ്ങളിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തിരമായി വിലയിരുത്തി എല്ലാം സൗകര്യങ്ങളും ഉറപ്പാക്കണമെന്നും ധനകാര്യ വകുപ്പുുമന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിര്‍ദ്ദേശം നല്‍കി. തീരമേഖലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ  കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കളക്ട്രേറ്റില്‍ വീഡിയോ കോൺഫറൻസ് വഴി ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തീരദേശത്ത് അതീവ ഗുരുതരമാണ് സ്ഥിതിഗതികള്‍.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ അടിയന്തിര ജനകീയ ഇടപെടല്‍ ആവശ്യമാണ്.  തീരദേശ വാര്‍ഡുകളിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ആളുകളുടെ പുറത്തേക്കുള്ള നീക്കം കര്‍ശനമായി തടയണം. ശക്തമായ നിലപാട് കണ്ടെയ്ൻമെൻറ് സോണുകളിൽ എടുക്കുമ്പോൾ തന്നെ  പ്രദേശവാസികൾക്ക് പൂർണ്ണ ആത്മവിശ്വാസം നൽകുന്ന രീതിയിലുള്ള പ്രവർത്തികൾ ആയിരിക്കണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെത്. ചെട്ടിക്കാട് രണ്ട് വാർഡുകളിൽ നടത്തിയ പ്രവർത്തനങ്ങൾ മന്ത്രി ഉദാഹരണമായി പറഞ്ഞു.

കണ്ടെയ്ന്‍മെന്‍റ് സോണിലുള്ളവര്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് വാര്‍ഡ് തല സമിതിയും പോലീസും ആരോഗ്യ വിഭാഗവും ഉറപ്പാക്കണം. ഇതിനായി ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്നവര്‍ രംഗത്തിറങ്ങണം. വാര്‍ഡുകളിലുള്ള ഇത്തരം സംഘങ്ങള്‍ എല്ലാ കോവിഡ് മുന്‍കരുതലുകളും സ്വീകരിച്ച് ആവശ്യമുള്ളവര്‍ പി.പി.ഇ കിറ്റ് ഉള്‍പ്പടെ ധരിച്ച് വീടുകളില്‍ ബോധവത്കരണം നടത്തണം. ക്വാറന്റൈന്‍ ഉള്ള വീടുകളില്‍ പോകുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരെ കൂട്ടുകയും നിര്‍ബന്ധമായും പി.പി.ഇ കിറ്റുകകള്‍ ഉപയോഗിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. തീരദേശ പഞ്ചായത്തുകളില്‍ റിവേഴ്സ് ക്വാറന്റൈന്‍ ഉറപ്പാക്കണം. ഇതിന് പഞ്ചായത്ത് പ്രതിനിധികള്‍ മുന്‍കൈ എടുക്കണം. കണ്ടെയ്ന്‍ മെന്റ് സോണുകളില്‍ ആളുകള്‍ വീട്ടിലിരിക്കുമ്പോള്‍ അവര്‍ക്ക് ഭക്ഷണം, അവശ്യ സാധനങ്ങള്‍, മരുന്ന് , മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍  ശ്രദ്ധ പതിപ്പിക്കണം. ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ പാലിയേറ്റീവ് കെയര്‍, ടെലിമെഡിസിന്‍ സംവിധാനം വഴി പരിഹരിക്കണം. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ജനകീയ അടുക്കളയോ കമ്മ്യൂണിറ്റി കിച്ചണോ വഴി എത്തിക്കണം. ക്വാറൻറീനിലുള്ള ആളുകൾ പുറത്തിറങ്ങി നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  മേൽനോട്ടത്തിനു കഴിയും. സമ്പർക്ക വ്യാപനം ഇല്ലാതാക്കാനും ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താനുംഇത്തരം നടപടികൾക്ക് കഴിയും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കണ്ടൈൺമെൻറ് സോണുകളിൽ ഉള്ള വ്യക്തികളോട്  നിരന്തരമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഇടപെടാനും സാധിക്കണം.

 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്‍ററുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ജില്ല ഭരണകൂടം ഉറപ്പാക്കണം. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണം. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും സി.എഫ്.എല്‍.ടി.സി സൗകര്യം ഒരുക്കണം.  ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ മാലിന്യനിർമാർജനം കാര്യക്ഷമമാക്കണം.ഇ ടോയ്‌ലറ്റുകളോ താൽക്കാലിക ടോയ്‌ലറ്റുകളോ ഇവിടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരുക്കാം. ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലെ ബയോമെഡിക്കൽ മാലിന്യം ഇമേജ് വഴി നീക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കടലാക്രമണം, വെള്ളപ്പൊക്കം എന്നിവ ഉള്ള പ്രദേശങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നാല് വിഭാഗത്തിലായി ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉള്ള സൗകര്യങ്ങളും ചെയ്യുന്നുണ്ട്.

ഭക്ഷ്യ മന്ത്രി പി തിലോത്തമൻ, എ എം ആരിഫ് എംപി, എംഎൽഎമാരായ ഷാനിമോൾ ഉസ്മാൻ,  യു പ്രതിഭ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജോൺ തോമസ്, മത്സ്യഫെഡ് ചെയർമാൻ പി ചിത്തരഞ്ജൻ, ജില്ലാകലക്ടർ എ അലക്സാണ്ടർ, ജില്ലാ പോലീസ് മേധാവി പി.എസ്.സാബു തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.  നേരത്തെ ഇതുസംബന്ധിച്ച് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ
ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി.മാത്യു, സബ് കളക്ടര്‍ അനുപം മിശ്ര എന്നിവരും പങ്കെടുത്തിരുന്നു.

വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരും ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

തീരപ്രദേശത്തെ പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമൻ പറഞ്ഞു.  രോഗവ്യാപനസാധ്യതയെ പൂർണമായും കണക്കിലെടുത്ത് ആയിരിക്കണം ജനങ്ങൾ പെരുമാറേണ്ടത്. കടലാക്രമണം  നേരിടുന്നിടത്ത് കാര്യക്ഷമമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലെ മാലിന്യ നിർമാർജനത്തിനും കടലാക്രമണ പ്രദേശത്തു നിന്ന് ആളുകളെ  മാറ്റി പാർപ്പിക്കാനും സംവിധാനം ഉണ്ടാകണം എന്ന് എ എം ആരിഫ് എംപി പറഞ്ഞു.  എക്സ്പോർട്ട് മേഖലയീൽ ഷിപ് മെൻറിനുള്ള സൗകര്യം ഒരുക്കണമെന്നും എംപി പറഞ്ഞു.

അരൂർ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാനും തോടുകൾ വൃത്തിയാക്കാനും നടപടികളെടുക്കണമെന്ന് ഷാനിമോൾ ഉസ്മാൻ എംഎൽഎ ആവശ്യപ്പെട്ടു.

 

date