Skip to main content

വടകര നഗരസഭയുടെ മാലിന്യ നിർമ്മാർജ്ജനത്തിന് സംസ്ഥാന ഹരിത കേരളമിഷന്റെ അഭിനന്ദനം 

 

 

 

 

വടകര നഗരസഭയിൽ നടത്തിവരുന്ന മാലിന്യ നിർമ്മാർജ്ജനത്തിന് സംസ്ഥാന ഹരിത കേരള മിഷന്റെ  അഭിനന്ദനം. മാലിന്യ നിർമ്മാർജ്ജനത്തിൽ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃക സൃഷ്ടിക്കുകയാണ് വടകര നഗരസഭ എന്ന് സംസ്ഥാന ഹരിതകേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ടി.എൻ സീമയും ചീഫ് കൺസൾട്ടൻസി എൻ.ജഗജീവനും  പറഞ്ഞു.  

 

 

  സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും മാലിന്യ നിർമാർജന പ്രവർത്തനം വിവരിക്കാനും സംശയങ്ങൾക്ക് മറുപടി നൽകാനും ഹരിത കേരള മിഷൻ,  ശുചിത്വമിഷൻ,  കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഫേസ്ബുക്ക് ലൈവിൽ ആണ് വടകര നഗരസഭയെ അഭിനന്ദനം അറിയിച്ചത്.

 

 സംസ്ഥാനത്ത് ആദ്യമായി നടന്ന പരിപാടിയിൽ വടകര നഗരസഭാ ചെയർമാൻ കെ ശ്രീധരൻ ആമുഖ അവതരണം നടത്തി. ഹരിതകർമസേന പ്രസിഡണ്ട് അനില പി കെ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്തം അവതരിപ്പിച്ചു. അജൈവ മാലിന്യ ശേഖരണത്തോടൊപ്പം വടകരയിൽ നടക്കുന്ന വിവിധ മൈക്രോ സംരംഭങ്ങൾ ആയ ഗ്രീൻ ഷോപ്പിനെ കുറിച്ച്  ലിബിന കെ. എം, റിപ്പയർ ആൻഡ് സ്വാപ്പ് ഷോപ്പിനെ പറ്റി അനിത വി. പി, 

റെന്റ് ഷോപ്പ് ആൻഡ് ക്ലീൻ ലിനസ് സെന്ററിനെക്കുറിച്ച് വിനീത. കെ. വി,  ഗ്രീൻ ആർമിയെക്കുറിച്ചും  ജല സ്രോതസ്സുകളിൽ നിന്ന് മാലിന്യം നീക്കുന്ന ബോട്ടിനെ സംബന്ധിച്ച് സീമ വി.കെ, സീറോ വേസ്റ്റ് ഓഫീസ് സംവിധാനത്തെ പറ്റി അമിത.വിയും  കുടുംബശ്രീയിലൂടെ ഹരിയാലി ലഭിച്ച മറ്റു ലോണുകളെ കുറിച്ച് കുടുംബശ്രീ ചെയർപേഴ്സൺ കെ.കെ മിനിയും സംസാരിച്ചു. 

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  സംശയങ്ങൾക്കും  ഗ്രീൻ ടെക്നോളജി സെൻറർനെക്കുറിച്ചും മണലിൽ മോഹനൻ മറുപടിയും വിശദീകരണവും നൽകി.  ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി പ്രകാശ്,  വൈസ് ചെയർപേഴ്സൺ കെ.പി ബിന്ദു,  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.അശോകൻ,  ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദലി എന്നിവർ പങ്കെടുത്തു.

 

 

 

date