കോവിഡിനൊപ്പം പകർച്ച വ്യാധികളെയും ശ്രദ്ധിക്കണം : ഡിഎംഒ
ജില്ലയിൽ കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം പകർച്ചവ്യാധികളായ ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി എന്നിവയെ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രധാനമായും വെളളം കെട്ടി കിടന്ന് കൊതുക് മുട്ടയിട്ട് പെരുകുന്നതാണ് ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നത്. മാലിന്യം ക്യത്യമായി സംസ്ക്കരിക്കുന്നതിലുളള അലംഭാവവും ഇതിന് കാരണമാകുന്നു. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് കൊതുക് പെറ്റുപെരുകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ഡി എം ഒ മുന്നറിയിപ്പുനൽകി.
വീടിനകത്തുളള ചെടിച്ചട്ടി, ഫ്രിഡ്ജിനടിയിലെ ട്രേ, ടെറസ്സിലും മറ്റും കെട്ടിക്കിടക്കുന്ന വെളളം, മുട്ടത്തോട്, ടയർ എന്നിങ്ങനെയുള്ള ഇടങ്ങളിലൊക്കെയാണ് വെളളം കെട്ടികിടന്ന് കൊതുക് പെരുകുന്നത്. എലിപ്പനിയുടെ കാര്യത്തിലാണെങ്കിൽ വെളളത്തിലിറങ്ങി പണിയെടുക്കുന്നവരും തൊഴിലുറപ്പുകാരും പണിയ്ക്ക് ഇറങ്ങുന്നതിന് മുൻപുതന്നെ പ്രതിരോധ ഗുളികയായ ഡോക്സീസൈക്ലിൻ ഡോക്ടറുടെ നിർദ്ദേശ പ്രകാരം നിർബന്ധമായും കഴിച്ചിരിക്കണം. പനിയോ മറ്റ് അസുഖങ്ങളോ വരുകയാണെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണം. ഡോക്ടറെ കാണുമ്പോൾ ഡോക്ടറോട് ചെയ്യുന്ന ജോലി ഏതാണെന്ന് ക്യത്യമായി പറയണം. എങ്കിൽമാത്രമേ ഡോക്ടർക്ക് എലിപ്പനി സംശയിച്ച് അത്തരം ചികിത്സ നടത്താൽ സാധിക്കൂ. ആരംഭത്തിലെ ചികിത്സിച്ചാൽ വളരെ നിസ്സാരമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന രോഗമാണ് എലിപ്പനി. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം.
മഴ പെയ്ത് വെളളപ്പൊക്കം പ്രതീക്ഷിക്കുന്നതിനാൽ മലിനജലവുമായി സമ്പർക്കം വരുന്നവർ എല്ലാവരും തങ്ങളുടെ സമീപത്തുളള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് എലിപ്പനിയ്ക്കുളള പ്രതിരോധമരുന്ന് നിർബന്ധമായും കഴിച്ചിരിക്കണം. ജലദോഷ പനിയും ഈ സന്ദർഭത്തിൽ വരാനുളള സാധ്യതയുളളതിനാൽ അത് എച്ച്1.എൻ1 ആകാനുളള സാധ്യത കണക്കിലെടുത്ത് ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണെന്നും പൊതുജനങ്ങൾ ഇതൊരു അറിയിപ്പായി കണക്കാക്കി ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും ഡി എം ഒ അറിയിച്ചു.
- Log in to post comments