ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്ലസ് വണ്‍ പ്രവേശന സഹായമായി സ്റ്റെപ്പ് 2020
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പത്താം തരം വിജയിച്ച മുഴുവന്‍ പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ പ്രവേശനം ഉറപ്പാക്കുന്നതിന് വേണ്ടി ഐ.റ്റി.ഡി.പി യുമായി ചേര്‍ന്ന് സമഗ്രശിക്ഷ ഇടുക്കി നടപ്പിലാക്കുന്ന സ്റ്റെപ്പ് 2020 ന്റെ ഉദ്ഘാടനം മന്ത്രി എം.എം മണി കളക്ട്രേറ്റില്‍ വച്ച് നിര്‍വ്വഹിച്ചു. ഗോത്രവിഭാഗത്തിലെ യഥാസമയം തുടർവിദ്യാഭ്യാസ പ്രവേശനത്തിന് പദ്ധതി പ്രയോജനപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു.
നെറ്റ് സൗകര്യം ലഭ്യമല്ലാത്ത കുടികളില്‍ എസ്.ടി പ്രോമോട്ടര്‍മാര്‍ അപേക്ഷ ഫോറത്തിന്റെ മാതൃക, സ്‌കൂള്‍ - കോഴ്‌സ് വിവരങ്ങള്‍ ഹോസ്റ്റല്‍ ലഭ്യത എന്നിവയുടെ ലിസ്റ്റ് എത്തിച്ച് വാങ്ങി ബി.ആര്‍.സികളില്‍ എത്തിച്ച് ഡേറ്റ എന്‍ട്രി നടത്തുന്നു. ഇന്റര്‍നെറ്റ് ലഭ്യതയുള്ള ഇടങ്ങളിലെ പ്രദേശിക പഠന കേന്ദ്രങ്ങളില്‍ കുട്ടികളേയും, രക്ഷിതാക്കളേയും മുന്‍കൂട്ടി അറിയിച്ച് കോവിഡ് -19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഡാറ്റ എന്‍ട്രി നടത്തുന്നു. മുഴുവന്‍ കുട്ടികളേയും പ്രവേശനം ഉറപ്പുവരുത്തുന്നതിനായി അപേക്ഷ ഓണ്‍ലൈന്‍ സമര്‍പ്പിക്കുന്നതു മുതല്‍ സ്‌കൂള്‍, ഹോസ്റ്റല്‍ പ്രവേശനം വരെയുള്ളകാര്യങ്ങള്‍ ഓരോ കുട്ടികളേയും ട്രാക്ക്‌ചെയ്യുന്നതിനുള്ള പ്രത്യേക രീതി ജില്ലയിലെ എട്ട് ബി.ആര്‍.സികളില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദുമോള്‍ ഡി അറിയിച്ചു. എസ്എസ് കെ ജില്ലാ പ്രോഗ്രാം മാനേജർ സുലൈമാൻകുട്ടി പങ്കെടുത്തു.
- Log in to post comments