പമ്പാ അണക്കെട്ടിന്റെ ഷട്ടറുകള്‍ അപ്പര്‍ ക്രസ്റ് ലെവല്‍ എത്തുന്നതു വരെ തുറന്നു വയ്ക്കുന്നതിന് അനുമതി നല്കി ഉത്തരവ്
പ്രളയ സാധ്യത ഒഴിവാക്കുന്നതിനായി പമ്പാ ഡാമിലെ ജലനിരപ്പ് 981.46 മീറ്റര്‍ എത്തുന്നത് വരെ ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിന് കക്കാട് ഡാം സുരക്ഷാ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് അനുമതി നല്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ കിഴക്കന്‍ മേഖലകളിലും, ഡാമുകളുടെ വൃഷ്ട്ടി പ്രദേശങ്ങളിലും അതി ശക്തമായ മഴ പെയ്തിരുന്നതിനാലും, ഈ പ്രദേശങ്ങളില്‍ നിലവില്‍ കനത്ത മഴ തുടര്‍ന്നു വരുന്നതിനാലും പമ്പ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാല്‍ പമ്പാ ഡാമിന്റെ ആറു ഷട്ടറുകള്‍ 982 മീറ്ററില്‍ എത്തുമ്പോള്‍ അടയ്ക്കുന്നത് മൂലം വളരെ വേഗം തന്നെ പരമാവധി സംഭരണ ശേഷിയായ 986.33 മീറ്ററില്‍ എത്തും. അതിനെ തുടര്‍ന്ന് പമ്പാ ഡാമിന്റെ ആറു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി വന്‍തോതില്‍ ജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിന് കാരണമായേക്കാം. നിലവില്‍ ജില്ലയില്‍ ശക്തമായ മഴ പെയ്യുന്നത് മൂലവും, ജില്ലയിലെ പല പ്രദേശങ്ങളും വെള്ളപ്പൊക്ക ബാധിതമായതിനാലും, നദികള്‍ നിലവില്‍ അപകട രേഖകള്‍ക്ക് മുകളിലൂടെ ഒഴുകുന്നതിനാലും ഇത്തരം അവസ്ഥ സംജാതമാകുന്നത് പ്രളയത്തിന് കാരണമായേക്കാം. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഉത്തരവ്.
പമ്പാ നദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കണമെന്നും അപകടസാധ്യതയുള്ള പക്ഷം ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പമ്പാ നദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്മെന്റ് മുഖേന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കണം. ഇക്കാര്യം പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍/നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തണം. അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളെയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. ഇക്കാര്യം താലൂക്കിന്റെ ചുമതലയുള്ള റെസ്പോണ്സിബിള് ഓഫീസര്‍ (തിരുവല്ല സബ് കളക്ടര്‍, അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍, ഡെപ്യുട്ടി കളക്ടര്‍മാര്‍) ഉറപ്പുവരുത്തണം.
ജലനിരപ്പ് അപ്പര്‍ ക്രസ്റ്റ് ലെവലില്‍ (981.46 മീറ്റര്‍) എത്തുമ്പോള്‍ കെഎസ്ഇബി കക്കാട് അണക്കെട്ട് സുരക്ഷാ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷട്ടറുകള്‍ അടയ്ക്കണം. ജലനിരപ്പ് വൈകുന്നേരം ആറിനു മുന്‍പായി അപ്പര്‍ ക്രസ്റ്റ് ലെവലില്‍ എത്തിയില്ലെങ്കില്‍ ഷട്ടറുകള്‍ അടയ്ക്കുകയും പിറ്റേ ദിവസം രാവിലെ ആറിനു ശേഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനെ രേഖാമൂലം അറിയിച്ച് അനുമതി വാങ്ങിയ ശേഷം മാത്രം തുറക്കണം.
ഓരോ തവണ ഷട്ടറുകള്‍ തുറക്കുമ്പോഴും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനെ രേഖാമൂലം അറിയിക്കണം. എത്ര സമയം എത്ര ഷട്ടറുകള്‍ എത്ര ഉയരത്തില്‍ തുറക്കേണ്ടി വരും, എത്ര അളവ് ജലം പുറത്തേയ്ക്ക് ഒഴുക്കേണ്ടി വരും, അതു മൂലം നദിയില്‍ ഏതെല്ലാം ഭാഗത്ത് എത്ര ജലം ഉയരാന്‍ സാധ്യത ഉണ്ട്, ഇത് മൂലം നദീ തീരങ്ങളില്‍ ഉണ്ടാകാവുന്ന വെള്ളപ്പൊക്ക സാധ്യത എന്നതു സംബന്ധിച്ച വിവരങ്ങളും രേഖാമൂലം അറിയിക്കണം. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ഓറഞ്ച് ബുക്ക് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് 2020- ല്‍ പറഞ്ഞിട്ടുള്ള മറ്റെല്ലാ മാര്‍ഗ നിര്‍ദേശങ്ങളും കക്കാട് ഡാം സുരക്ഷാ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കാലവര്‍ഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളിലും, അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിലും അതിശക്തമായ മഴ കാരണം പമ്പാ അണക്കെട്ടിലെ ജലനിരപ്പ് 983.45 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി ജലനിരപ്പ് 982 മീറ്ററില്‍ ക്രമീകരിക്കുന്നതിനുള്ള അനുമതിക്കായി കെ.എസ്.ഇ.ബി കക്കാട് അണക്കെട്ട് സുരക്ഷാ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്കിയ അപേക്ഷ നല്‍കിയിരുന്നു. ഇതു പ്രകാരം ഓഗസ്റ്റ് ഒന്‍പതിന് രാവിലെ 11 ന് പമ്പാ ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കി ജലനിരപ്പ് 982 മീറ്ററില്‍ ക്രമീകരിക്കുന്നതിന് അനുമതി നല്കി ഉത്തരവായിരുന്നു.
- Log in to post comments