Skip to main content

അമ്പുമല ആദിവാസികോളനിയിലേക്ക് പാലം ഒരുങ്ങുന്നു സര്‍ക്കാര്‍ നാല് ലക്ഷം രൂപ അനുവദിച്ചു    

    ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ പന്തീരായിരം വനമേഖലയിലെ  അമ്പുമല പട്ടികവര്‍ഗ കോളനിയിലേക്കുള്ള പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ അനുവദിച്ചു. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കോര്‍പസ് ഫണ്ടില്‍ നിന്നാണ്  നാലുലക്ഷം രൂപ അനുവദിച്ചത്. നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പന്തീരായിരം വനമേഖലയിലെ  അമ്പുമല കോളനിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലം 2019 ലെ പ്രളയത്തിലാണ് തകര്‍ന്നത്. ചാലിയാര്‍ ഗ്രാമ പഞ്ചായത്താണ് പാലം പുനര്‍നിര്‍മിക്കാന്‍ നാല് ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പാലം പുനര്‍നിര്‍മാണത്തിനായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി  പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍ അറിയിച്ചു. 
    1996ലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുറുവന്‍ പുഴയ്ക്ക് കുറുകേ കോളനിയിലേക്ക് പാലം നിര്‍മിച്ചത്. മുള കൊണ്ട് നിര്‍മിച്ച താത്കാലിക പാലമാണ് ഇപ്പോള്‍ കോളനി നിവാസികളുടെ ഏകാശ്രയം. കാട്ടുപണിയ വിഭാഗത്തിലുള്ള 25 കുടുംബങ്ങളാണ് അമ്പുമല കോളനിയില്‍  താമസിക്കുന്നത്.
 

date