സ്വാതന്ത്യദിനാഘോഷം: പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല ക്ഷണിതാക്കള്‍ 100 മാത്രം
കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷം നിയന്ത്ര ണങ്ങള്‍ പാലിച്ച് നടത്താന്‍ തീരുമാനമായി. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ഓഗസ്റ്റ് 15ന് രാവിലെ ഒന്‍പതിന് നടക്കുന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ചടങ്ങില്‍ പങ്കെടുക്കുന്ന ക്ഷണിതാക്കള്‍ 100 പേരില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്. എ.ഡി.എമ്മിന്റെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി കലക്ടര്‍ (എല്‍.എ) ഒ.ഹംസയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്തി.
പരേഡില്‍ എം.എസ്.പി, സായുധ പൊലീസ്, വനിത പൊലീസ് വിഭാഗം, എക്സൈസ് എന്നിങ്ങനെ നാല് പ്ലറ്റൂണുകള്‍ മാത്രമായി പരിമിതപ്പെടുത്തും. അഭിവാദ്യം സ്വീകരിക്കുമെങ്കിലും മാര്‍ച്ച് പാസ്റ്റ് ഉണ്ടാകില്ല. കുട്ടികളെയും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും ചടങ്ങില്‍ പങ്കെടുപ്പിക്കില്ല. സമ്മാന വിതരണം, ഷാള്‍ അണിയിക്കല്‍ എന്നിവ ഉണ്ടാകില്ല. മൂന്നു ഡോക്ടര്‍മാര്‍, രണ്ടു നഴ്സുമാര്‍, രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫ്, രണ്ട് ശുചീകരണ തൊഴിലാളികള്‍, കോവിഡ് രോഗമുക്തി നേടിയ രണ്ടുപേര്‍ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിക്കും. ചടങ്ങിനെത്തുന്നവരെ തെര്‍മല്‍ സ്കാനിങിന് വിധേയമാക്കും. സാനിറ്റൈസറും മാസ്കും സജ്ജമാക്കും. 14ന് രാവിലെ എട്ടിന് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ റിഹേഴ്സല്‍ നടത്തും.
സ്വാതന്ത്യദിനാഘോഷം പൂര്‍ണമായും ഹരിതചട്ടം പാലിച്ചാവണമെന്നും നിര്‍ദേശമുണ്ട്. പ്ലാസ്റ്റിക് പതാക, ഫ്ളക്സ്, പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ ഒഴിവാക്കണം. ഇതിനായി ശുചിത്വ മിഷന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
- Log in to post comments