ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനി ഡിജിറ്റൽ രജിസ്റ്റർ സംവിധാനം - സൗജന്യ സേവനവുമായി കോവിഡ്19 ജാഗ്രത പോർട്ടൽ
ആലപ്പുഴ : കോവിഡ് പ്രതിരോധത്തില്‍ പ്രധാനമായ കോൺടാക്ട് ട്രെയ്സിങ്ങിന് ഏറെ സഹായകമാകുന്ന ഡിജിറ്റൽ രജിസ്റ്റർ സംവിധാനം കോവിഡ്19 ജാഗ്രത പോർട്ടൽ വഴി ലഭ്യമാക്കി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എൻ.ഐ.സി).
കോവിഡ്19 ജാഗ്രത പോർട്ടൽ വഴി നൽകുന്ന ഡിജിറ്റൽ രജിസ്റ്റർ സേവനം വഴി ഓഫീസുകളിലും, കടകളിലും, മറ്റ് സ്ഥാപനങ്ങളിലും എത്തുന്ന ഉപഭോക്താക്കളുടെ വിലാസവും സമയവും ഇനി സൗജന്യമായി ഇതിലൂടെ രേഖപ്പെടുത്താന്‍ കഴിയും.
covid19jagratha.kerala.nic.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത് ആർക്കും ഈ സേവനം സൗജന്യമായി ഉപയോഗിക്കാം. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ലഭിക്കുന്ന ക്യുആർ കോഡ് പ്രിന്റ് ചെയ്തെടുത്ത് സ്ഥാപനങ്ങൾക്കും ഓഫീസുകള്‍ക്കും മുന്നിൽ പതിപ്പിക്കുന്നതോടെ ഡിജിറ്റൽ നടപടികൾ ആരംഭിക്കും. സ്ഥാപനങ്ങളിലേക്ക് എത്തുന്ന ഉപഭോക്താക്കൾക്ക് ഈ ക്യു ആർ കോഡ് സ്മാർട്ട്ഫോൺ വഴി സ്കാൻ ചെയ്ത് സ്വന്തം വിവരങ്ങൾ അതിൽ ലഭിക്കുന്ന ഫോമിൽ രേഖപ്പെടുത്താം. ഇതോടൊപ്പം ഉപഭോക്താക്കൾ എത്തുന്ന സ്ഥലവും സമയവും പോർട്ടലിൽ തനിയെ രജിസ്റ്റർ ആകും. ക്യു ആർ കോഡ് ഉപയോഗിച്ച് ഒരുപ്രാവശ്യം രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താവ് ഇതേ സംവിധാനം ഉപയോഗിക്കുന്ന മറ്റ് സ്ഥാപനങ്ങളിൽ പോവുകയാണെങ്കിൽ ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ തന്നെ വിവരങ്ങൾ അതിൽ എഴുതി കാണിക്കും അത് സബ്മിറ്റ് ചെയ്താൽ മാത്രം മതിയാകും.
സ്മാർട്ട്ഫോൺ ഇല്ലാത്ത ഉപഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്താനും പോർട്ടലിൽ സംവിധാനമുണ്ട്. അതിനായി സ്ഥാപന ഉടമയ്ക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന പാസ്വേർഡും യൂസർ ഐഡിയും ഉപയോഗിച്ച് ന്യൂ എൻട്രി എന്ന ഓപ്ഷൻ വഴി ഉപഭോക്താവിന്റെ വിവരങ്ങൾ പോർട്ടലിൽ ചേർക്കാം.
- Log in to post comments