Skip to main content

ബഡ്സ്  സ്‌കൂളുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം- മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പള്ളിത്താഴ ബഡ്‌സ് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ബഡ്സ്  സ്‌കൂളുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. തലശ്ശേരി നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബഡ്‌സ് സ്‌കൂളിന്റെ കെട്ടിടോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. പ്രായം കൂടുന്നതനുസരിച്ച് ഭിന്നശേഷിക്കാരെ പരിചരിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് തന്നെ പരിമിതികള്‍ ഉണ്ട്.   ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാന്‍ ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കി  തലശ്ശേരി നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പള്ളിത്താഴ ക്രൈസ്റ്റ് കോളേജിനു സമീപം ബഡ്സ് സ്‌കൂള്‍ നിര്‍മ്മിച്ചത്. ലോകബാങ്ക് അനുവദിച്ച 48.5 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിര്‍മ്മാണം.
തീര്‍ത്തും ഭിന്നശേഷി സൗഹൃദ വിദ്യാലയം കൂടിയാണ് ഇത്. ഓഫീസ് റൂം, ഫിസിയോ തെറാപ്പി റൂം, സെന്‍സറി ഇന്റഗ്രേഷന്‍ റൂം, ക്ലാസ് റൂം, ഡെക്കറേഷന്‍ ക്ലാസ് റൂം, റാമ്പ് ആന്റ് റെയില്‍ സംവിധാനം എന്നീ സൗകര്യങ്ങളും വീല്‍ചെയര്‍, വാക്കര്‍, സെറിബ്രല്‍ പാള്‍സി ചെയര്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളും കുട്ടികള്‍ക്കായി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 11 വയസ്സിന് താഴെയുള്ള 11 കുട്ടികളും 18 വയസ്സിന് മുകളിലുള്ള ആറു കുട്ടികളും ഉള്‍പ്പെടെ 17 കുട്ടികളാണ് ബഡ്സ് സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്ക് ഫിസിയോതെറാപ്പി,  ഒക്യുപ്പേഷണല്‍ തെറാപ്പി എന്നിവയും ടീച്ചറുടെയും ആയയുടെയും സേവനവും സ്‌കൂള്‍ ഉറപ്പാക്കുന്നുണ്ട്.
ഇതിനായി കുടുംബശ്രീ സംസ്ഥാന മിഷന്‍ വഴി സ്‌കൂളിനായി 12.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. കൂടാതെ പഠനോപകരണങ്ങള്‍, ഫിസിയോതെറാപ്പി ഉപകരണങ്ങള്‍, പ്രൈമറി എജുക്കേഷന്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ കെല്‍ട്രോണില്‍ നിന്നും ലഭ്യമാക്കി.
എ എന്‍ ഷംസീര്‍ എം എല്‍ എ  ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷന്‍  സി കെ രമേശന്‍, ഉപാധ്യക്ഷ നജ്മ ഹാഷിം, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വിനയരാജ്, വാഴയില്‍ ലക്ഷ്മി, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് തുടങ്ങിയവര്‍ പങ്കെടുത്തു

date