Skip to main content

ഫ്ളാറ്റ് സമുച്ചയം ഉദ്ഘാടനം മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു

 

തലശ്ശേരി മുന്‍സിപ്പാലിറ്റി പട്ടികജാതി എസ്.ഇ.പി ഫണ്ട് ഉപയോഗപ്പെടുത്തി 12 പട്ടികജാതി കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനം ലക്ഷ്യമിട്ട് തലശ്ശേരി നഗരസഭ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടമായി ആറുകുടുംബങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കിയതിന്റെ ഉദ്ഘാടനം പട്ടികജാതി - പട്ടികവര്‍ഗ്ഗ- പിന്നാക്കവിഭാഗ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പാലക്കാട് കെ.എസ്.ഇ.ബി.ഐ.ബിയില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തലശ്ശേരി എം.എല്‍.എ. അഡ്വ. എ.എന്‍. ഷംസീര്‍ അധ്യക്ഷനായി. കോവിഡ് 19 ശക്തിപ്പെടുന്ന സാഹചര്യത്തില്‍ പ്രതിസന്ധികള്‍ക്കും പ്രതിരോധത്തിനും ഇടയില്‍ നാടിന്റെ വികസനവും ജീവനോപാധികളും സംരക്ഷിക്കപ്പെടുകയാണെന്ന്  മന്ത്രി പറഞ്ഞു. വികസനത്തിന്റെ ഭാഗമായി ദ്വിമുഖ പ്രവര്‍ത്തനങ്ങളാണ് കേരളം നടത്തിവരുന്നത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളോടൊപ്പം നാടിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടു പോവുകയാണ്. ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹം മികച്ച അംഗീകാരമാണ് സര്‍ക്കാരിന് നല്‍കിക്കൊണ്ടിരിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഭാഗമായി രണ്ടേകാല്‍ ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു. ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് അത് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. പരമാവധി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും, സഹായിക്കാന്‍ സന്നദ്ധരായവരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സഹായം ലഭ്യമാക്കി ജനങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം ഉറപ്പുവരുത്തുകയാണ്. ഇതിന് വലിയ പ്രോത്സാഹനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വീടുകളില്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനമുറി പദ്ധതിയും ഇന്ത്യയില്‍ ആദ്യമായി കേരള സര്‍ക്കാരിന് ആരംഭിക്കാന്‍ സാധിച്ചു. 25,000 പഠനമുറികള്‍ ലക്ഷ്യമിട്ടതില്‍ 11,000 ത്തോളം പഠനമുറികളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. പട്ടികജാതി- പട്ടികവര്‍ഗ പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്് തൊഴില്‍ പരിശീലനം നല്‍കുന്നത് ഉള്‍പ്പടെ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈനായി നടന്ന  പരിപാടിയില്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി.കെ രമേശന്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നഗരസഭാംഗങ്ങള്‍, ജനപ്രതിനിധികള്‍, പദ്ധതി ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date