Skip to main content

ഭരണയന്ത്രം ഈ കൈകളില്‍ ഭദ്രം

 

ജില്ലയുടെ ഭരണനിര്‍വഹണവും കോവിഡ് പ്രതിരോധവും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കോവിഡ് കെയര്‍ ആശുപത്രിയിലിരുന്ന് കാര്യക്ഷമമായി ഏകോപിപ്പിക്കുകയാണ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു, അസി. കലക്ടര്‍ വിഷ്ണുരാജ് എന്നിവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കലക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും കാര്യമായ രോഗലക്ഷണങ്ങളില്ല. തങ്ങള്‍ സുരക്ഷിതരാണെന്നും ആശുപത്രിയില്‍ ഇരുന്നുകൊണ്ട് ഭരണനിര്‍വഹണം നടത്തുന്നുവെന്നും  കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.  

വിഡിയോ കോണ്‍ഫറന്‍സിങിലൂടെ എല്ലാ ദിവസവും ജില്ലയിലെ കോവിഡ് പ്രതിരോധത്തിനുള്ള മുഖ്യസമിതി യോഗം ചേരുന്നുണ്ട്. ഇതുകൂടാതെ കലക്ടര്‍ പങ്കെടുക്കേണ്ട വിവിധ യോഗങ്ങളും തടസ്സമില്ലാതെ നടക്കുന്നുണ്ട്.  നിരന്തരം ഫോണില്‍ ബന്ധപ്പെട്ടും ആശയവിനിമയം കൃത്യമാക്കിയും ഭരണനിര്‍വഹണം തടസ്സം കൂടാതെ കൊണ്ടുപോകുകയാണ് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍. കോവിഡ് പോസിറ്റിവ് ആയ ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍  കരിം   മഞ്ചേരി മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്. എ.ഡി.എം എന്‍.എം മെഹറലിയും ജില്ലാമെഡിക്കല്‍ ഓഫീസര്‍  ഡോ. കെ സക്കീനയും വീടുകളില്‍ സ്വയം നിരീക്ഷണത്തിലാണ്. ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടികലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, ആര്‍.ടി.ഒ  ടി. ജി ഗോകുല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, എന്‍എച്ച്എം പ്രോഗ്രാം ഓഫീസര്‍  ഡോ. ഷിബുലാല്‍ അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍ പ്രസാദ് തുടങ്ങിയവരും സമ്പര്‍ക്കപ്പട്ടികയിലുള്ളതിനാല്‍ സ്വയം നിരീക്ഷണത്തിലാണ്.

സിവില്‍ സ്റ്റേഷന് പുറത്ത് വികേന്ദ്രീകൃതമായ അവസ്ഥയില്‍ ഭരണം നിര്‍വഹിക്കപ്പെടുന്ന സവിശേഷമായ സാഹചര്യത്തിലാണ് ജില്ല. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും കോവിഡ് പ്രതിരോധ-ചികിത്സാസംവിധാനങ്ങള്‍ ഭദ്രമാണെന്നും കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജീവന്റെ വിലയുള്ള കരുതല്‍ എന്ന സന്ദേശം ഉള്‍ക്കൊണ്ട് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും കലക്ടര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
 

date