Skip to main content

നഷാ മുക്ത് ഭാരത് ക്യാമ്പയിന്‍ സമൂഹ മാധ്യമങ്ങളിലൂടെ സ്‌കൂള്‍ പാര്‍ലമെന്റുകള്‍ സംഘടിപ്പിക്കും - ജില്ലാ കലക്ടര്‍

നഷാ മുക്ത്  ഭാരത് ക്യാമ്പയിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങള്‍ വഴി       സ്‌കൂള്‍ പാര്‍ലമെന്റുകളും സംവാദങ്ങളും  സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലുമുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന നഷാ മുക്ത് ഭാരത് ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍  വിലയിരുത്താന്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ജില്ലാ സാമൂഹ്യനീതി ഓഫീസ് വഴി നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയാണ് നഷാ മുക്ത്.
സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സജീവമായാല്‍ ലഹരി വസ്തുക്കള്‍ക്ക് അടിപ്പെടാനുള്ള അവസരങ്ങള്‍ സ്വാഭാവികമായും ഇല്ലാതാകുമെന്ന് കലക്ടര്‍ പറഞ്ഞു.  ക്യാമ്പയിനുമായി ബന്ധപ്പെട്ട ജില്ലാ സമിതിയില്‍ അംഗങ്ങളായ വകുപ്പുകളുടെ പ്രവര്‍ത്തന രേഖകള്‍ യോഗം ചര്‍ച്ച ചെയ്തു.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സമൂഹ മാധ്യമങ്ങള്‍ വഴി നൃത്തം, മോണോ ആക്ട്, ഏകാംഗ നാടകം, മത്സരങ്ങള്‍ സംഘടിപ്പിക്കല്‍, തുടര്‍ച്ചയായതും  പ്രചോദനപരവുമായ ബോധവത്കരണങ്ങള്‍, ലഹരിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സ്‌കൂളുകളിലെ അധ്യാപക-രക്ഷകര്‍തൃ സംഘടനകള്‍ക്ക് ബോധവത്കരണം, പ്രോത്സാഹനം എന്നീ പ്രവര്‍ത്തനങ്ങളാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് നടത്താനുദ്ദേശിക്കുന്നത്.

സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ക്ക് ചിത്രരചന, കാര്‍ട്ടൂണ്‍, ഉപന്യാസ മത്സരം എന്നിവയാണ് പോലീസ് ആസൂത്രണം ചെയ്യുന്നത്. കോളേജുകള്‍ കേന്ദ്രീകരിച്ച് സ്ഥാപിച്ചിട്ടുള്ള ആന്റി നാര്‍ക്കോട്ടിക് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളും  സജീവമാക്കും.
ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ ഒരു ടീം സജ്ജമാക്കി ലഘുലേഖാ വിതരണം, വീഡിയോ പ്രദര്‍ശനം എന്നിവയിലൂടെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്ന നിര്‍ദേശമാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കിയത്.
അങ്കണവാടി ജീവനക്കാരും കൗണ്‍സിലര്‍മാരും നയിക്കുന്ന  ടെലികൗണ്‍സലിംഗിനാണ് വനിതാ ശിശുവികസന വകുപ്പ് പ്രാമുഖ്യം നല്‍കുക.
പ്രവര്‍ത്തന രേഖകള്‍ക്കും പ്രതീക്ഷിക്കുന്ന ചിലവുകള്‍ക്കും  കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത നഷാ മുക്ത് ഭാരത് സംസ്ഥാന കോര്‍ഡിനേറ്റര്‍ സ്‌നേഹ മറിയം തോമസ് പറഞ്ഞു.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സിജു ബെന്‍, വനിതാ ശിശുവികസന ഓഫീസര്‍ ഗീത, ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സുബിത ചിറക്കല്‍,  വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, പത്തനാപുരം  ഗാന്ധിഭവന്‍-കലയപുരം ആശ്രയ  പ്രതിനിധികള്‍, എസ് പി സി നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2236/2020)

 

date