സുഭിക്ഷ കേരളം : വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി
കൃഷി, തദ്ദേശം, സഹകരണം എന്നീ വകുപ്പുകൾ ഒത്തുപിടിച്ചാൽ കാർഷിക രംഗത്ത് സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്തിക്കാട് തരിശുരഹിത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും സുഭിക്ഷ കേരളം പദ്ധതി നാട് ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.
കൃഷി ചെയ്യുന്നത് കൃഷിവകുപ്പിന്റെ കാര്യമെന്ന സ്ഥിതിയിൽ നിന്ന് ജനങ്ങൾ സ്വയം കൃഷി രംഗത്തേക്ക് വരുന്നു. കൃഷിയിലൂടെ കുടുംബാംഗങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിനി ഫാം രൂപപ്പെടുത്തുന്നതിനാവശ്യമായ സാമ്പത്തിക സഹായം നബാഡിൽ നിന്ന് ഉറപ്പാക്കും. ഇതിലൂടെ കന്നുകാലി, മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും പിണറായി വിജയൻ പറഞ്ഞു. കൃഷി മന്ത്രി വി. എസ്. സുനിൽ കുമാർ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ സുഭിക്ഷ കേരളം ഗ്രൂപ്പുകൾക്കുള്ള സബ്‌സിഡി വിതരണം ചെയ്തു. ഗീതാഗോപി എം .എൽ .എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി എന്നിവർ മുഖ്യാഥിതികളായി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments