നല്ല മത്സ്യങ്ങൾക്കായി ഇനി ചാലക്കുടിയിലും ഒരിടം : ചാലക്കുടിയിൽ ഫിഷ് മാർട്ട് തുറന്നു
സംസ്ഥാനത്തെ നാൽപ്പത്തിമൂന്നാമത്തെയും ജില്ലയിലെ അഞ്ചാമത്തേയും ഫിഷ്മാർട്ട് ചാലക്കുടിയിൽ പ്രവർത്തനമാരംഭിച്ചു. ഭക്ഷ്യസുരക്ഷ മുൻനിർത്തി കേരളത്തിലുടനീളം മത്സ്യഫെഡിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഫിഷ് മാർട്ടുകൾ. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപമാണ് ഫിഷ് മാർട്ട് തുറന്നത്. ഗുണമേന്മയുള്ള മത്സ്യവും മത്സ്യ ഉത്പന്നങ്ങളും അമിത വില ഈടാക്കാതെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഫിഷ് മാർട്ടിന്റെ ലക്ഷ്യം. ചാലക്കുടി ടൗൺ മൾട്ടി പർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഫിഷ് മാർട്ടിന്റെ പ്രവർത്തങ്ങളെ ഏകോപിപ്പിക്കുന്നത്. നെയ്മീൻ, വറ്റ, ആവോലി, സ്രാവ്, കരിമീൻ, അയല, ചാള തുടങ്ങിയ 37 തരം മത്സ്യങ്ങൾ മുനമ്പം, പൊന്നാനി, ചേറ്റുവ, കൊച്ചി എന്നീ ഹാർബറുകളിൽ നിന്ന് നേരിട്ട് ഫിഷ് മാർട്ടിൽ എത്തിക്കും. ഇതിന് പുറമെ മത്സ്യ ഫെഡിന്റെ ഐസ് ആൻഡ് ഫ്രീസിങ് പ്ലാന്റിൽ ഉല്പാദിപ്പിച്ചു വിതരണം നടത്തുന്ന മത്സ്യങ്ങളുടെ വിവിധ തരം അച്ചാറുകൾ, ഫിഷ് മസാല, ഫിഷ് സമൂസ, ഫ്രൈ മസാല, ചമന്തിപ്പൊടി, ഉണക്ക ചെമ്മീൻ ഫ്രൈ തുടങ്ങിയ മൂല്യ വർദ്ധിത ഉത്പന്നങ്ങളും ഫിഷ് മാർട്ടിൻ ലഭിക്കും. ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള ഫിഷ് മാർട്ടിൽ ഉപഭോക്താക്കളുടെ ആവശ്യാനുസരണം മത്സ്യം വൃത്തിയാക്കി കഷ്ണങ്ങളാക്കി നൽകും. ഹോം ഡെലിവറി സൗകര്യവും ഇവിടെ ലഭ്യമാണ്. തൃശൂർ ജില്ലയിൽ എവിടെ നിന്നും ഓർഡർ സ്വീകരിക്കും. ഫോൺ :7592810259.
- Log in to post comments