Skip to main content

അമ്പലപ്പുഴ തോടിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമായി

ആലപ്പുഴ : അമ്പലപ്പുഴ തോടിന്റെ പൂകൈതയാറുമുതൽ കരുമാടി ടി എസ് കനാൽ വരെയുള്ള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമായി. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി മലിനമായി കിടന്ന പ്രദേശമാണ് ഇന്ന് വിവിധ പദ്ധതികളിലൂടെ നവീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ തോടുകൾ നവീകരിക്കാനായി കിഫ്‌ബി ഫണ്ടിന്റെ സഹായത്തോടെ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. അമ്പലപ്പുഴയുടെ  ദീർഘകാലത്തെ പ്രശ്നമായ കാപ്പിത്തോട് നവീകരണം കിഫ്‌ബി ഫണ്ടിൽപ്പെടുത്തി 21 കോടി രൂപ മുടക്കിലാണ് ചെയ്യാൻ പോകുന്നത്. അതിന്റെ ടെൻഡർ നടപടികൾ നടന്നു വരികയാണ്. ആളുകൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ നികത്തിയുമുള്ള
നവീകരണങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വർഷങ്ങളായി പോള നിറഞ്ഞു എക്കലും ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടി നീരൊഴുക്ക് തടസപ്പെട്ടു കിടന്ന അമ്പലപ്പുഴ തോടിന്റെ നവീകരണം ജലപാതയുമായി ബന്ധപ്പെട്ടു കിടക്കുന്ന അനുബന്ധ കനാലുകളുടെ നവീകരണ ഫണ്ടിൽ ഉൾപ്പെടുത്തി 171 ലക്ഷം രൂപ മുതൽമുടക്കിലാണ് ചെയ്യുന്നത്. മേജർ ഇറിഗേഷൻ ആലപ്പുഴ ഡിവിഷൻ മുഖാന്തിരം മൂന്ന് ഘട്ടങ്ങളായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.

ആദ്യ ഘട്ടത്തിൽ 64.2 ലക്ഷം രൂപ മുടക്കിൽ അമ്പലപ്പുഴ തോടിനെ ക്ഷേത്രത്തിന്റെ കിഴക്കേനട മുതൽ പൂക്കൈത ആറുവരെയുള്ള1.50 കി മീ നീളത്തിൽ പോളയും എക്കലും മണ്ണും നീക്കി സംരക്ഷണഭിത്തി ബലപ്പെടുത്തി  നീരൊഴുക്ക് സുഗമമാക്കും. രണ്ടാം ഘട്ടത്തിൽ 96 ലക്ഷം രൂപ മുടക്കിൽ  അമ്പലപ്പുഴ ക്ഷേത്രത്തിലെ കിഴക്കേനട മുതൽ കരുമാടി ടി എസ് കനാൽ വരെയുള്ള 2.60 കി മീ  ഭാഗം സംരക്ഷണഭിത്തി ബലപ്പെടുത്തി പോളയും  എക്കലും ചെളിയും നീക്കം ചെയ്യും. മൂന്നാം ഘട്ടത്തിൽ 10.80 ലക്ഷം രൂപ മുടക്കി  അമ്പലപ്പുഴ തോടിൻറെ പഴയ ബോട്ട് ജെട്ടി ഉൾപ്പെടുന്ന ഭാഗത്ത് ആഴം കുട്ടി സംരക്ഷണ ഭിത്തിയും കടവും നിർമ്മിക്കും.

 അമ്പലപ്പുഴ തോടിന്റെ  നവീകരണ പ്രവൃത്തികൾ നടപ്പിലാകുന്നതോടെ സമീപത്തുള്ള വീടുകളിലെയും റോഡുകളുടേയും വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും. ചടങ്ങിൽ ജലസേചനവകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺ കെ ജേക്കബ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം സി സജീവ് കുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ കെ എസ് ശ്രീകുമാർ എന്നിവർ സന്നിഹിതരായി.

date