വില്ല്യാപ്പള്ളി പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പദവി നേടി
വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് പദവി നേടി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലമായി നൂറില്‍ 78 പോയിന്റ് നേടിയാണ് പഞ്ചായത്തിന്റെ ശുചിത്വ പദവി നേട്ടം.
വിവിധ തരത്തിലുള്ള മാലിന്യങ്ങൾ ശേഖരിച്ച് അവ വേർതിരിക്കുന്ന പ്രവർത്തനം വളരെ മികച്ച രീതിയിലാണ് പഞ്ചായത്ത് നടത്തിവരുന്നത്. ജൈവമാലിന്യങ്ങൾ കൃഷിയിടങ്ങളിലേക്കും അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിച്ച് റീസൈക്ലിങ് കേന്ദ്രങ്ങളിലേക്കും അയക്കുന്നുണ്ട്.
'ഗ്രീൻ ക്ലീൻ വില്ല്യാപ്പള്ളി' എന്ന പേരിൽ മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചു. 19 വാർഡുകളിലെ വീടുകളിലും കടകളിലും സൂക്ഷിച്ചിട്ടുള്ള മാലിന്യങ്ങൾ ഒറ്റത്തവണ ജനങ്ങളിൽ നിന്നും പണം സമാഹരിച്ച് 60 ലോഡ് മാലിന്യങ്ങൾ റീസൈക്ലിങ് യൂണിറ്റിലേക്ക് കയറ്റി അയക്കാൻ പഞ്ചായത്തിന് സാധിച്ചു.
19 അംഗങ്ങൾ അടങ്ങുന്ന ഒരു ഹരിത കർമ്മസേനക്ക് രൂപം നൽകി. വീടുകളിൽനിന്നും കടകളിൽ നിന്നും വൃത്തിയുള്ള പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ 30 രൂപ നിരക്കിൽ യൂസർഫീ വാങ്ങി ശേഖരിക്കുന്നുണ്ട്. ശേഖരിച്ച മാലിന്യങ്ങൾ പല തവണ ഗ്രീൻ കേരള മിഷന് കൈമാറി.
മാലിന്യങ്ങൾ സൂക്ഷിക്കാനുള്ള സ്ഥിരം സംവിധാനമായ എം സി എഫിന്റെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണ്. ഈ കെട്ടിടത്തിന്റെ പൂർത്തീകരണത്തോടെ ശേഖരിക്കുന്ന എല്ലാ മാലിന്യങ്ങളും ആഴ്ചകളോളം സൂക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുങ്ങുന്നത്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് എല്ലാ വാർഡുകളിലും മിനി എം സി എഫ് സ്ഥാപിക്കാൻ നടപടി ആരംഭിച്ചു.
പഞ്ചായത്തിലെ ഇറച്ചികടകളിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനായി കോഴിക്കോട് ഫ്രഷ് കട്ട് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരു കരാറിൽ ഏർപ്പെടുകയും ഓരോ ദിവസത്തെയും മാലിന്യങ്ങൾ ഫ്രീസറിൽ സൂക്ഷിച്ച് പിറ്റേദിവസം സ്ഥാപനത്തിന് കൈമാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാലയവുമായി ബന്ധപ്പെട്ട മാലിന്യപ്രശ്‌നം പരിഹരിക്കാൻ കുട്ടികളിൽ ശുചിത്വ ബോധവല്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു.
പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ കെ മോഹനൻ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം നടത്തി. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി അൻസാർ എന്നിവർ പങ്കെടുത്തു.
- Log in to post comments