Skip to main content

ആരോഗ്യമേഖലയിലെ  ജനകീയ ഇടപെടല്‍ മാതൃകാപരം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ചൊക്ലി ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ ജനകീയ ഇടപെടല്‍ മാതൃകാപരമാണെന്നും ഇത് കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും ആരോഗ്യ വ കുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ചൊക്ലി ഗ്രാമപഞ്ചായത്ത് ആയുഷ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തിലെ ആരോഗ്യ മേഖല മികവിന്റെ പാതയിലാണ്. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളെക്കുറിച്ചുള്ള  ജനങ്ങളുടെ കാഴ്ചപ്പാടുകളില്‍ വലിയ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അത് സര്‍ക്കാറിന്റെ മാത്രം ഇടപെടല്‍ കൊണ്ടല്ല. മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ഫണ്ടുകൊണ്ട് മാത്രമാണ് ഗവണ്‍മെന്റ് ആശുപത്രികള്‍ നവീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. എംഎല്‍എ ഫണ്ടുകളും ജനകീയ കമ്മറ്റിയുടെ സാമ്പത്തിക സഹായവും ഇപ്പോള്‍ മുതല്‍ക്കൂട്ടാവുന്നുണ്ട്. ജനകീയ ഇടപെടലുകളിലൂടെ സര്‍ക്കാര്‍ ആതുരാലയങ്ങളെ മികച്ച നിലവാരത്തിലേക്ക് മാറ്റാന്‍ നമുക്ക് സാധിക്കുന്നുണ്ടെന്നും ഇത്തരം കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.  പടിയൂരില്‍ നിര്‍മ്മിക്കുന്ന ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ആയുര്‍വേദ സസ്യങ്ങളുടെ സംരക്ഷണവും പരീക്ഷണവും കൃത്യമായി നടപ്പാക്കാന്‍ പറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 23 ലക്ഷവും ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതമായ 12.83 ലക്ഷവും ചെലവഴിച്ചാണ് ചൊക്ലി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ കവിയൂര്‍ മിന്നത്തെ പീടികയില്‍ ആയുഷ് പ്രാഥമിക ആരോഗ്യകേന്ദ്രം ആരംഭിച്ചത്. മൂന്നു ലക്ഷം രൂപയുടെ ഫര്‍ണ്ണിച്ചറും പഞ്ചായത്ത് വിഹിതത്തില്‍ നിന്നും വാങ്ങിയിട്ടുണ്ട്. ചടങ്ങില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷനായി.  ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് വി കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് അംഗം ടി ആര്‍ സുശീല, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം സ്വപ്ന, എന്‍എഎം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ സി അജിത് കുമാര്‍, ഡോ. ടി സുധ, ഡോ. ആതിര സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date