ഓഫീസുകളിലും വ്യാപാര ശാലകളിലും സന്ദര്‍ശകരുടെ ഡിജിറ്റല്‍ രജിസ്ട്രേഷന്‍ സംവിധാനം വേണം
കോവിഡ് ജാഗ്രത പോര്‍ട്ടലിലെ സേവനം സൗജന്യം
കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ അതിവേഗം കണ്ടെത്തുന്നതിന് സഹായകമാകുന്ന സൗജന്യ ഡിജിറ്റല്‍ രജിസ്ട്രേഷന്‍ സംവിധാനം സജ്ജമായി. കോവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ മുഖേന നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററാണ് ഇതിനു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും പൊതുജനങ്ങള്‍ എത്തുന്ന മറ്റു കേന്ദ്രങ്ങളിലും സന്ദര്‍ശകരുടെ വിവരങ്ങളും സന്ദര്‍ശന സമയവും തത്സമയം രേഖപ്പെടുത്തുന്നതിനും അവശ്യ ഘട്ടത്തില്‍ ലഭ്യമാക്കുന്നതിനും ഇത് ഉപകരിക്കും.
ഓഗസ്റ്റ് 24 മുതല്‍ കോട്ടയം ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും വ്യാപാരശാലകളിലും ഈ സംവിധാനം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു.
സംവിധാനം പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ
? covid19jagratha.kerala.nic.in എന്ന പോര്‍ട്ടലില്‍ Visitor Register Service എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
? ആദ്യം മൊബൈല്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒടിപി എന്‍റര്‍ ചെയ്ത് അടിസ്ഥാന വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം.
? രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം വെബ് പേജിന്‍റെ മുകളിലുള്ള Download QR Code എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ക്യുആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റെടുത്ത് സ്ഥാപനങ്ങളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കണം.
? സന്ദര്‍ശകര്‍ ഈ ക്യു ആര്‍ കോഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യണം. ഇതിനായി സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ക്യുആര്‍ കോഡ് സ്കാനര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോറത്തില്‍ സ്വന്തം വിവരങ്ങള്‍ രേഖപ്പെടുത്തണം. ഉപഭോക്താക്കള്‍ എത്തുന്ന സ്ഥലവും സമയവും പോര്‍ട്ടലില്‍ തനിയെ രജിസ്റ്ററാകും.
? ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നയാള്‍ ഇതേ സംവിധാനം ഉപയോഗിക്കുന്ന മറ്റ് സ്ഥാപനങ്ങളില്‍ എത്തി ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ തന്നെ സ്വന്തം വിവരങ്ങള്‍ അതില്‍ കാണാനാകും. അത് സബ്മിറ്റ് ചെയ്താല്‍ മാത്രം മതിയാകും.
? സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍ സ്ഥാപന ഉടമ രേഖപ്പെടുത്തണം. ഇതിനായി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ന്യൂ എന്‍ട്രി എന്ന ഓപ്ഷന്‍ വഴി വിവരങ്ങള്‍ നല്‍കണം.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഈ സംവിധാനം ഫലപ്രദമായി ഉപയോഗിച്ചാല്‍ രോഗം സ്ഥിരീകരിക്കപ്പെടുന്നവര്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും എളുപ്പത്തില്‍ കണ്ടെത്താനാകും.
- Log in to post comments