Skip to main content

കടലോരപ്രദേശങ്ങളില്‍ ജിയോ ബാഗും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉടന്‍

ജില്ലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ ആലപ്പാട് മേഖലയില്‍ പ്രതിരോധം തീര്‍ക്കാന്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കാനും  അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  നടത്താനും അനുമതിയായെന്ന് എ എം ആരിഫ് എം പി. തീരദേശ മേഖലയിലെ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ജില്ലാ ജാഗ്രതാ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്.
ഓണത്തോടനുബന്ധിച്ച് റെയ്ഡുകളും പോലീസ് പട്രോളിങ് വര്‍ധിപ്പിച്ചിട്ടുണ്ട്.
കടലോര ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ക്ലസ്റ്ററുകള്‍ സ്ഥാപിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണങ്ങളും നടക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.  
കോവിഡിന്റെ പാശ്ചാത്തലത്തില്‍  ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങളും മാലിന്യ നിര്‍മാര്‍ജനവും കാര്യക്ഷമമാക്കണമെന്നും എം പി നിര്‍ദേശിച്ചു.
സ്‌പോണ്‍സര്‍ഷിപ്പിലൂടെയോ മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ചോ തീരദേശമേഖലയില്‍ മിനിമാസ്റ്റ് ലൈറ്റ്, സി സി ടിവി,  ഡസ്റ്റ് ബിന്നുകള്‍ എന്നിവ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും എം പി പറഞ്ഞു.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ജില്ലാ പോലീസ് മേധാവികള്‍,  ഫിഷറീസ്-ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, തീരദേശ പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജാഗ്രതാ സമിതി അംഗങ്ങളായ മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2291/2020)

 

date