പാര്‍ലമെന്റ്, നിയമസഭ: വോട്ടര്‍ പട്ടിക പുതുക്കുന്നു അന്തിമ പട്ടിക ജനുവരി 15 ന്
പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പുതുക്കുന്നു. 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പുതുക്കുക. ഇതിനുള്ള സമയക്രമം തിരിഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. വോട്ടര്‍മാര്‍ക്ക് വോട്ടര്‍പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുള്ള പേര്, ഫോട്ടോ, വയസ്/ജനന തീയതി, കുടുംബ വിവരങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും അവസരം ലഭിക്കും.
കരട് വോട്ടര്‍ പട്ടിക നവംബര്‍ 16 ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും പുതിയ അപേക്ഷകളും നവംബര്‍ 16 മുതല്‍ ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക 2021 ജനുവരി 15 ന് പ്രസിദ്ധീകരിക്കും.
വോട്ടര്‍ പട്ടിക പുതുക്കലിനോടനുബന്ധിച്ച് 2020 നവംബര്‍ 16 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിക്കുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ ബി എല്‍ ഒ മാരുടെ നേതൃത്വത്തില്‍ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രത്യേക പ്രചാരണ ദിവസങ്ങളായി തീരുമാനിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാം. പോളിംഗ് ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് ബി എല്‍ ഒ മാരുടെ നേതൃത്വത്തില്‍ വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും പ്രത്യേക ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. വോട്ടര്‍ പട്ടിക പുതുക്കലിനോടനുബന്ധിച്ച് താലൂക്കുകളിലും കലക്ട്രേറ്റുകളിലും സജ്ജീകരിച്ചിട്ടുള്ള വോട്ടര്‍ സഹായ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്താം. വോട്ടര്‍ പട്ടിക സംബന്ധിച്ച സംശയ നിവാരണം 1950 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി നടത്താം.
(പി.ആര്.കെ നമ്പര്‍ 2321/2020)
- Log in to post comments