Skip to main content

പഴം-പച്ചക്കറി ഓണ വിപണികള്‍ തുറന്നു

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് നാടന്‍ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും  ലഭ്യമാക്കാന്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്  ജില്ലയില്‍ പഴം-പച്ചക്കറി വിപണികള്‍ തുറന്നു. കന്റോണ്‍മെന്റ് മൈതാനത്തിന് എതിര്‍വശമുള്ള ജൈവവള വിപണന കേന്ദ്രത്തോട് ചേര്‍ന്ന് ആരംഭിച്ച കേന്ദ്രത്തില്‍ കര്‍ഷകനില്‍ നിന്നും വിളകള്‍ സ്വീകരിച്ച്  ആദ്യവിപണനം നടത്തി എം നൗഷാദ് എം എല്‍ എ  ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓണക്കാലത്ത്  ഗുണനിലവാരമുള്ള നാടന്‍ വിഭവങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ ഇത്തരം സംരഭങ്ങളിലൂടെ സാധിക്കുമെന്ന് എം എല്‍ എ പറഞ്ഞു. കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ കൃഷി വകുപ്പിന്റെ  നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.  
മേയര്‍ ഹണി ബെഞ്ചമിന്‍ അധ്യക്ഷയായി. ഉദ്ഘാടന കേന്ദ്രം ഉള്‍പ്പടെ 105 ഇടങ്ങളില്‍ വിപണികള്‍ ആരംഭിച്ചു. കര്‍ഷകര്‍ക്ക് സംഭരണ വിലയുടെ 10 ശതമാനം അധികവും ഉപഭോക്താള്‍ക്ക് വിപണി വിലയുടെ 30 ശതമാനം കുറവും ലഭിക്കും. ആഗസ്റ്റ് 30 വരെ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തനസമയം.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി ജയ, ഡെപ്യൂട്ടി മേയര്‍ ഗീതകുമാരി, കോര്‍പ്പറേഷന്‍ സ്ഥിരം വികസന  ചെയര്‍മാന്‍ എം എ സത്താര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എസ് അംബിക, ആര്‍ സുരേഷ്, ഇരവിപുരം കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍ പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2328/2020)

 

date