ഓണത്തിരക്ക്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം - ജില്ലാ കലക്ടര്‍
ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രതികരണ നടപടികളുടെ ഭാഗമായി ഓണക്കാലത്ത് ഉണ്ടാകുന്ന തിരക്ക് നിയന്ത്രിച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രോഗ വ്യാപനം തടയുന്നതിന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ രണ്ടുവരെ ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതുവരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. വ്യാപാര സ്ഥാപനങ്ങളിലെ സ്ഥലസൗകര്യം അനുസരിച്ച് മാത്രമേ ഉപഭോക്താക്കളെ അകത്ത് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. പത്ത് ചതുരശ്ര മീറ്ററില്‍ പരമാവധി മൂന്ന് ഉപഭോക്താക്കള്‍ എന്ന കണക്കില്‍ മാത്രമേ പ്രവേശനം അനുവദിക്കാന്‍ പാടുള്ളു. ഒരേ സമയം പ്രവേശനം നല്‍കാവുന്ന ഉപഭോക്താക്കളുടെ എണ്ണം സ്ഥാപനത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിക്കണം. മറ്റ് ഉപഭോക്താക്കള്‍ വ്യാപാര സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹിക അകലം പാലിച്ച് ക്യു പാലിക്കേണ്ടതാണ്. ഇതിനായി സ്ഥാപനത്തിന് പുറത്ത് വൃത്തങ്ങള്‍ അടയാളപ്പെടുത്തണം. ഉപഭോക്താക്കള്‍ മാസ്‌ക് ധരിക്കാന്‍ നിഷ്‌കര്‍ഷിക്കേണ്ടതും അവര്‍ക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കേണ്ടതുമാണ്. ഇത് കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പുവരുത്താനായി പോലീസിന്റേയും റവന്യു വകുപ്പിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും പതിവ് പരിശോധനകള്‍ക്ക് പുറമേ ആര്‍ ഡി ഒ മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.
തിരക്ക് ഒഴിവാക്കുന്നതിന് പൊതു മാര്‍ക്കറ്റുകള്‍ക്ക് പുറമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന മറ്റ് സ്ഥലങ്ങളിലും വിപണനം നടത്താം. ഇവിടങ്ങളിലും തിരക്ക് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പൊതു മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം ശാരീരിക അകലം പാലിക്കുന്ന തരത്തില്‍ ക്രമപെടുത്തണം. ഓരോ ഉപഭോക്താവും മാര്‍ക്കറ്റില്‍ ചെലവഴിക്കുന്ന സമയം മാര്‍ക്കറ്റിലെ കടകളുടെ എണ്ണം അനുസരിച്ച് ക്രമപെടുത്തണം. ഇതിനായി സമയം രേഖപ്പെടുത്തുന്ന ടോക്കണ്‍ സമ്പ്രദായം ഉപയോഗിക്കാം. ഓരോ സ്ഥാപനത്തിലും ഉപഭോക്താക്കള്‍ക്ക് ചെലവഴിക്കാവുന്ന സമയം ഉടമക്ക് നിശ്ചയിക്കാം.
കോവിഡ് മാനദണ്ഡ പ്രകാരം ക്രമീകരണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് വ്യാപാര സ്ഥാപന ഉടമയും സുരക്ഷാ ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും ഉറപ്പുവരുത്തണം.
ഷോപ്പിംഗ് മാളുകളിലും വസ്ത്രശാലകളിലും ശാരീരിക അകലം പാലിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഓരോ ഉപഭോക്താവും ഷോപ്പിംഗ് മാളില്‍ ചെലവഴിക്കുന്ന സമയം മാളിലെ കടകളുടെ എണ്ണം അനുസരിച്ച് ക്രമപെടുത്തേണ്ടതാണ്. മാളുകളിലെ ഓരോ കടകളിലും ഉപഭോക്താക്കള്‍ ചെലവഴിക്കുന്ന സമയം എത്രയെന്നത് സ്ഥാപന ഉടമ ക്രമീകരിക്കണം. കടയുടെ മുമ്പില്‍ സാമൂഹിക അകലം പാലിച്ച് ക്യു നില്‍ക്കുന്നതിന് തറയില്‍ വൃത്തം അടയാളപ്പെടുത്തണം. കടകള്‍ പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. ജീവനക്കാര്‍ വായും മൂക്കും മറക്കുന്ന രീതിയില്‍ മാസ്‌ക് ധരിച്ചും കൃത്യമായ ഇടവേളകളില്‍ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ചും ജീവനക്കാര്‍ തമ്മില്‍ തന്നെ ശാരീരിക അകലം പാലിച്ചും ഉപഭോക്താകള്‍ക്ക് മാതൃകയാകണം.
വ്യാപാര സ്ഥാപനങ്ങളില്‍ പരമാവധി കാഷ് ലെസ് രീതിയില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, ഗൂഗിള്‍പേ, ഫോണ്‍പേ തുടങ്ങിയവ ഉപയോഗിച്ചുള്ള ക്രയവിക്രയങ്ങള്‍ പ്രോത്‌സാഹിപ്പിക്കണം. ഷോപ്പിംഗ് മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും കഴിയുന്നിടത്തോളം ഹോം ഡെലിവറി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. അതിനായി ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ നിരക്കും പ്രസിദ്ധീകരിക്കണം.
ഉത്സവങ്ങള്‍, മേളകള്‍, പ്രദര്‍ശനപരിപാടികള്‍ തുടങ്ങിയവ ഒഴിവാക്കണം. ഓണാഘോഷത്തോടനുബന്ധിച്ച് അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ഹോട്ടലുകളില്‍ ശാരീരിക അകലം പാലിച്ച് ഇരുന്നു ഭക്ഷണം കഴിക്കാവുന്നതാണ്. രാത്രി ഒന്‍പതുവരെ മാത്രമേ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളൂ. താമസസൗകര്യമുള്ള ഹോട്ടലുകളിലും ലോഡ്ജുകളിലും മുറികള്‍ അണുനശീകരണം നടത്തിയതിന് ശേഷം മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ആളുകള്‍ മുറി ഒഴിഞ്ഞതിനു ശേഷവും അണുനശീകരണം നടത്തണം. ഹോട്ടലിലെ ജീവനക്കാരെ ഇടയ്ക്കിടെ കോവിഡ് പരിശോധനക്ക് വിധേയരാക്കണം.
സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഓണസദ്യക്കായുള്ള തിരക്ക് ഒഴിവാക്കണം. ഫുഡ് സേഫ്റ്റി ഓഫീസര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഹോട്ടലുകളിലും മറ്റും പതിവായി പരിശോധനകള്‍ നടത്തും. പൊതു ഓണാഘോഷ പരിപാടികള്‍ അനുവദനീയമല്ല. നിര്‍ദേശങ്ങള്‍ കണ്ടയിന്‍മെന്റ് സോണിന് പുറത്തുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രം ബാധകമാണ്. കണ്ടയിന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. ഇളവുകളുടെ കാലാവധി 2020 സെപ്റ്റംബര്‍ രണ്ടാം തീയതി വരെ മാത്രമാണ്.
(പി.ആര്‍.കെ നമ്പര്‍ 2335/2020)
- Log in to post comments