സംരക്ഷിത കുടുംബ കൂട്ടായ്മയിലൂടെ രോഗവ്യാപനം ചെറുക്കാനാവുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിക്കുന്ന സംരക്ഷിത കുടുംബ കൂട്ടായ്മയിലൂടെ സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം ചെറുക്കാനാകുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ മീറ്റ് വഴി നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്ത് പ്രസിഡന്റുമാര്‍ തങ്ങളുടെ പ്രദേശത്തെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷം നാളെ (സെപ്റ്റംബര്‍ 1) നടക്കുന്ന അവലോകന യോഗത്തില്‍ വിവരങ്ങള്‍ അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സംരക്ഷിത കുടുംബ കൂട്ടായ്മ പോലെയുള്ള ക്രിയാത്മക ഇടപെടലുകളിലൂടെ എല്ലാ മേഖലകളിലേക്കും നിരീക്ഷണങ്ങള്‍ വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. മേയര്‍ ഹണി ബെഞ്ചമിന്‍, എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, എ എം ആരിഫ്, കെ സോമപ്രസാദ്, എം എല്‍ എ മാരായ എം നൗഷാദ്, ആര്‍ രാമചന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍, അയിഷാ പോറ്റി എന്നിവരും യോഗത്തില്‍ സംസാരിച്ചു.
വാര്‍ഡ് തല കൂട്ടായ്മകള്‍ക്ക് അതാത് മെമ്പര്‍മാരും പഞ്ചായത്ത്- നഗരസഭ- കോര്‍പറേഷനില്‍ പ്രസിഡന്റ് അല്ലെങ്കില്‍ അധ്യക്ഷന്‍മാരും അസംബ്ലി-താലൂക് തല കൂട്ടായ്മകള്‍ക്ക് എം എല്‍ എ മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരുമായിരിക്കും മേല്‍നോട്ടം വഹിക്കുക. വീടിന് പുറത്ത് സഞ്ചരിക്കുന്നതടക്കമുള്ള വിവരങ്ങള്‍ ഓരോ അംഗവും കൃത്യമായി ഗ്രൂപ്പില്‍ അറിയിക്കണം. ഇതു വഴി രോഗബാധിതരെ കണ്ടെത്താനും രോഗബാധയുടെ തീവ്രത അളക്കാനും കഴിയും. സന്ദേശങ്ങളും അറിയിപ്പുകളും ബോധവല്‍ക്കരണങ്ങളും താഴെത്തട്ടില്‍ കാര്യക്ഷമമായി എത്തിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. സംരക്ഷിത കുടുംബ കൂട്ടായ്മയുടെ വാര്‍ഡ് തല യോഗങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും പഞ്ചായത്ത് തല യോഗങ്ങള്‍ തിങ്കള്‍, വെള്ളി ദിവസങ്ങളിലും താലൂക് അസംബ്ലി തല യോഗങ്ങള്‍ ചൊവ്വാഴ്ച ദിവസവും കൂടാന്‍ യോഗം തീരുമാനിച്ചു.
കോവിഡ് പോസിറ്റീവായ കുടുംബങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന രോഗബാധിതരല്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. കോര്‍പ്പറേഷനിലെ രോഗവ്യാപനം രൂക്ഷമായ അരവിള മേഖലയിലെ സാഹചര്യങ്ങള്‍ മേയര്‍ ഹണി ബെഞ്ചമിന്‍ യോഗത്തിലവതരിപ്പിച്ചു. ഒരു മെഡിക്കല്‍ ഓഫീസറെയും എക്‌സൈസ്-ഫോറസ്റ്റ് വകുപ്പുകളുടെ ടീമിനെയും മേഖലയില്‍ നിയമിക്കാന്‍ യോഗം തീരുമാനിച്ചു. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്കെതിരെയും ബോട്ട്-വള്ളം ഉടമകള്‍ക്കെതിരെയും പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഓണം പ്രമാണിച്ച് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തയ്യാറെടുപ്പുകളും വിശദീകരിച്ചു.
ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ അധ്യക്ഷ•ാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments