പ്രതിസന്ധികള്‍ക്കിടയിലും ഓണക്കാലത്ത് സര്‍ക്കാര്‍ തൊഴിലാളികളെ സംരക്ഷിച്ചു - മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും തടസ്സം തീര്‍ത്തിട്ടും ഓണക്കാലത്ത് തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി ഫിഷറീസ്- കശുവണ്ടി വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
പരമ്പരാഗത തൊഴിലാളികളുടെ ഈറ്റില്ലമാണ് കൊല്ലം. കശുവണ്ടി, മത്സ്യം, കയര്‍ കൈത്തറി മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഓണക്കാലത്ത് 7000 കോടി രൂപയാണ് ഖജനാവില്‍ നിന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഗവണ്‍മെന്റ് നല്‍കിയത്.
ബോണസ,് തൊഴിലില്ലാത്തവര്‍ക്ക് സഹായധനം, ഏകദേശം 52 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ എന്നതിന് പുറമേ ജീവനക്കാര്‍ക്ക് മുന്‍ കാലങ്ങളിലെ പോലെ ഓണം അലവന്‍സ് എന്നിവ നല്‍കാനും തീരുമാനിച്ചു. എത്ര സാമ്പത്തികപ്രയാസം ഉണ്ടായിട്ടും കഴിഞ്ഞവര്‍ഷത്തെ അതെ തോതില്‍ ഈ വര്‍ഷവും ആശ്വാസമേകാന്‍ കഴിഞ്ഞു. കശുവണ്ടി മേഖല കോവിഡ് മൂലം അടച്ചിട്ടിരുന്നു. വളരെയധികം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ടു. കശുവണ്ടി മേഖലയിലെ വ്യവസായികള്‍ക്കും ഒരു സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിച്ച് തൊഴില്‍ മേഖലയെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് നടപടിയെടുത്തു. അതിന്റെ തുടര്‍ച്ചയായി കശുവണ്ടി വ്യവസായികള്‍ക്ക് ആകെ പലിശ സബ്‌സിഡി കൊടുത്തുകൊണ്ട് വ്യവസായത്തെ നില നിര്‍ത്താനുള്ള ശ്രമത്തിലാണ്. ബോണസ് ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ ഗവണ്‍മെന്റിന് സാധ്യമാകുന്നത് പലിശ സബ്‌സിഡിയാണെന്ന് അറിയിച്ചിരുന്നു. കശുവണ്ടി വ്യവസായത്തില്‍ നില്‍ക്കുന്നവര്‍ക്കൊക്കെ പലിശ സബ്‌സിഡി കൊടുക്കാന്‍ ഗവണ്‍മെന്റ് ഇടപെടും എന്ന ബോധ്യത്തിലാണ് തൊഴില്‍ദിനം കുറവായിട്ടും ബോണസ് കൊടുക്കാന്‍ സ്വകാര്യ മേഖലയിലുള്ള വ്യവസായികള്‍ തയ്യാറായത്. കഴിഞ്ഞ വര്‍ഷത്തെ അതേ ബോണസ് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഉറപ്പാക്കിയിരുന്നു. പൊതുമേഖലയില്‍ തന്നെ ബോണസും കൊടുത്തു കഴിഞ്ഞു. 2002 സുപ്രീം കോടതിയുടെ വിധി പ്രകാരം വിട്ടു കൊടുക്കേണ്ടിവന്ന ഫാക്ടറികളിലെ 1600 ഓളം വരുന്ന തൊഴിലാളികള്‍ക്കും 2013-14 വര്‍ഷത്തെ ഗ്രാറ്റുവിറ്റി തുകയും സര്‍ക്കാര്‍ നല്‍കി.
മത്സ്യമേഖലയില്‍ കോവിഡ് കാലത്ത് പോലും മത്സ്യ ബന്ധനത്തിനു അനുമതി നല്‍കി. കൂടാതെ കണ്ടയിന്‍മെന്റ് സോണുകള്‍ വളരെ ചുരുക്കി ബുദ്ധിമുട്ടുകള്‍ കുറച്ച് തൊഴിലാളികളെ സഹായിക്കുകയാണ്. കണ്ടയിന്‍ ചെയ്ത സമയങ്ങളില്‍ ഉള്ള ആശ്വാസം എന്ന നിലയില്‍ ഒരു കിറ്റ് പ്രത്യേകമായി നല്‍കി. കേന്ദ്ര ധനസഹായം കാത്തുനില്‍ക്കാതെ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കി.
കോവിഡ് കാലത്ത് ജനങ്ങള്‍ക്കാകെ റേഷന്‍ സൗജന്യമായികൊടുത്തു. 88 ലക്ഷം കിറ്റുകള്‍ സൗജന്യമായി എത്തിച്ചു. ഒരുതരത്തിലും ആശ്വാസം എത്താത്ത ജനങ്ങളെ പ്രത്യേകമായി കണ്ട് ആശ്വാസം എത്തിക്കാനും ക്ഷേമനിധിയിലുള്ള എല്ലാ തൊഴിലാളി വിഭാഗങ്ങള്‍ക്കും ക്ഷേമനിധിയില്‍ കൂടി സഹായമെത്തിക്കാനും ഗവണ്‍മെന്റ് കോവിഡ് കാലത്ത് ഇടപെട്ടു.
മഹാമാരിയുടെ നടുവിലാണ് ഇത്തവണ ഓണം കടന്നു വരുന്നത്. ലോകമാകെ ജനത കടുത്ത പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയിലും കേരളത്തിലും ഇത് തന്നെയാണ് സ്ഥിതി. പ്രയാസങ്ങള്‍ക്ക് നടുവിലും മഹാമാരിയുടെ കാലത്തും ജനങ്ങളെ കരുതലോടെ ചേര്‍ത്തു പിടിച്ച് ജാഗ്രതയോടെ നിലനിര്‍ത്താന്‍ സര്‍ക്കാരിനായി. ഇത് മറ്റ് സര്‍ക്കാരുകള്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍ 2353/2020)
- Log in to post comments