Skip to main content

ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യന്ത്രങ്ങള്‍; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി 20 ലക്ഷം രൂപ അനുവദിച്ചു

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് മെഷീനുകള്‍ വാങ്ങാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു. യൂണിറ്റിലെ മെഷീനുകള്‍ കേടായത് കാരണം രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് നടപടി. പുതിയ മെഷീനുകള്‍ വാങ്ങാന്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ആശുപത്രി അധികൃതരും ജില്ലാ പഞ്ചായത്തും മന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. പുതിയ നാല് മെഷീനുകള്‍ വാങ്ങാനാണ് തുക അനുവദിച്ചിരിക്കുന്നത്.
ദിവസേന നാല് ഷിഫ്റ്റുകളിലായി 134 രോഗികളാണ് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തിരുന്നത്. 19 മെഷീനുകള്‍ ഉണ്ടായിരുന്നതില്‍ അഞ്ചെണ്ണം കേടായിരുന്നു. ഇതേ തുടര്‍ന്ന് രോഗികളും ആരോഗ്യ പ്രവര്‍ത്തകരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇപ്പോള്‍ നാല് മണിക്കൂര്‍ വീതം 20 മണിക്കൂറിലായി അഞ്ച് ഷിഫ്റ്റുകളിലായാണ് ഡയാലിസിസ് നടത്തി കൊണ്ടിരിക്കുന്നത്.  അതിനാല്‍ അസമത്ത് പോലും ഡയാലിസിസ് നടത്തേണ്ട അവസ്ഥയാണ്. പുതിയ മെഷീനുകള്‍ വാങ്ങുന്നതോടെ പഴയ രീതിയില്‍ തന്നെ  ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. എത്രയും പെട്ടെന്ന് മെഷീനുകള്‍ വാങ്ങി പ്രവര്‍ത്തനമാരംഭിക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്

date