Skip to main content

പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍   ബ്ലഡ് ബാങ്കിന് 1.22  കോടി രൂപയുടെ  ഭരണാനുമതി

പൊന്നാനി മാതൃ ശിശു ആശുപത്രി കോമ്പൗണ്ടില്‍   ബ്ലഡ് ബാങ്കിന് 1.22  കോടി രൂപയുടെ  ഭരണാനുമതി ലഭിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ട് കോടി  രൂപ ചെലവഴിച്ച് ആശുപത്രിയില്‍ പേ വാര്‍ഡും കൂട്ടിരിപ്പുക്കാര്‍ക്കുള്ള  വിശ്രമ മന്ദിരവും ഒരുക്കുന്നുണ്ട്. 
ബ്ലഡ് ബാങ്കിനും പേ വാര്‍ഡിനും വിശ്രമ മന്ദിരത്തിനുമായി 3.22 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുക. കെട്ടിടത്തിന്റെ താഴെ നിലയില്‍ ബ്ലഡ് ബാങ്കും ഒന്നും രണ്ടും നിലകളിലായി പേ വാര്‍ഡും വിശ്രമ മന്ദിരവുമാണ് ഒരുക്കുന്നത്.     മാതൃ ശിശു ആശുപത്രിയില്‍ നിന്ന് ബ്ലഡ് ബാങ്കിനെ ബ്രിഡ്ജ് വഴി നേരിട്ട്  ബന്ധിപ്പിക്കും.
മലപ്പുറം ജില്ലയിലെ  ആരോഗ്യമേഖല വികസനത്തിന്റെ നാഴികക്കല്ലാണ്  സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലൂന്നിയ പൊന്നാനിയിലെ മാതൃ ശിശു ആശുപത്രി. 2018 ഡിസംബര്‍ 30 നാണ് പുതുവത്സര സമ്മാനം പോലെ   മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃ ശിശു ആശുപത്രി പൊന്നാനിക്കാര്‍ക്ക് സമര്‍പ്പിച്ചത്. കിടത്തി ചികിത്സയ്ക്ക് മലപ്പുറം ജില്ലയുടെ എല്ലാ പ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് ചികിത്സ തേടി  പൊന്നാനിയിലെത്തുന്നത്. തൊട്ടടുത്ത പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും നിരവധി പേര്‍  ഈ ആശുപത്രിയില്‍ എത്തുന്നുണ്ട്.
23 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കായി 150 ഓളം കിടക്കകള്‍, ആധുനിക രീതിയിലുള്ള എ.സി ഓപ്പറേഷന്‍ തീയേറ്ററുകള്‍,   പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍, സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് സിസ്റ്റം, ലബോറട്ടറി, സ്‌കാനിംഗ്, ഫാര്‍മസി, എക്‌സറേ, കാരുണ്യ ഫാര്‍മസി, കാന്റീന്‍,  തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആശുപത്രിയില്‍ ലാന്‍സ്‌കേപ്പ് ചെയ്ത മുറ്റം, വാഹന പാര്‍ക്കിങ്  തുടങ്ങി നിരവധി സൗകര്യങ്ങളാണുള്ളത്.
മികച്ച ഡോക്ടര്‍മാരുടെ സേവനം, നേഴ്‌സുമാരുടെ പരിചരണം, സൗകാര്യ ആശുപത്രികളേക്കാള്‍ നല്ല സൗകര്യവും അന്തരീക്ഷവും തുടങ്ങിയവയെല്ലാം ഓരോ കുഞ്ഞിന്റെയും ജനനം  മാതൃ ശിശു ആശുപത്രിയില്‍ സുരക്ഷിതമാക്കുകയാണ്. 
 

date