Skip to main content

കോട്ടപ്പടി  മാര്‍ക്കറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന്

മലപ്പുറം നഗരസഭയുടെ സ്വപ്‌ന പദ്ധതിയായ കോട്ടപ്പടിയിലെ അത്യാധുനിക മാര്‍ക്കറ്റ് സമുച്ചയത്തിന് ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക് ഓണ്‍ലൈനിലൂടെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കും. ഇന്ന് (സെപ്റ്റംബര്‍ 8) രാവിലെ 10.30 ന്  നഗരസഭാ കൗണ്‍സില്‍ ഹാളിലാണ് പരിപാടി.   12.85 കോടി രൂപ ചെലവിലാണ്   കോട്ടപ്പടി അത്യാധുനികമാര്‍ക്കറ്റ് സമുച്ചയം നിര്‍മ്മിക്കുന്നത്.  
നഗരഹൃദയത്തില്‍ നാലു നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 5,616 ചതുരശ്ര മീറ്റര്‍ പ്ലിന്ത് ഏരിയയുണ്ട്. താഴത്തെ നിലയില്‍ മത്സ്യ-പച്ചക്കറി വില്‍പ്പനക്കായി 43 മുറികളും ഒന്നാം നിലയില്‍ 43 കടമുറികളും,  രണ്ടാം നിലയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ഓഫീസ്, ട്രേഡ് സെന്ററുകളുമൊരുക്കും. കൂടാതെ കെട്ടിടത്തിന്റെ മുകളിലെ നിലയിലും താഴത്തെ നിലയിലും പാര്‍ക്കിങ് സൗകര്യമൊരുക്കും. മാലിന്യ സംസ്‌ക്കരണ പ്ലാന്റ്, മിനി ഗാര്‍ഡന്‍, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിലുണ്ടാകും.
സംസ്ഥാനത്ത് ആദ്യമായാണ് പൊതു ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പാര്‍ക്കിങ് സൗകര്യമൊരുങ്ങുന്നത്. ലിഫ്റ്റ് ഉപയോഗിച്ച് മുകളിലേക്കെത്തിച്ച് 150 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുക. കെ.യു.ആര്‍.ഡി.എഫ് സി യില്‍ നിന്ന് വായ്പയെടുത്താണ് ഈ ബൃഹത് പദ്ധതി തുടങ്ങുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കും.
പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍   ബ്ലഡ് ബാങ്കിന് 1.22  കോടി രൂപയുടെ  ഭരണാനുമതി
പൊന്നാനി മാതൃ ശിശു ആശുപത്രി കോമ്പൗണ്ടില്‍   ബ്ലഡ് ബാങ്കിന് 1.22  കോടി രൂപയുടെ  ഭരണാനുമതി ലഭിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ട് കോടി  രൂപ ചെലവഴിച്ച് ആശുപത്രിയില്‍ പേ വാര്‍ഡും കൂട്ടിരിപ്പുക്കാര്‍ക്കുള്ള  വിശ്രമ മന്ദിരവും ഒരുക്കുന്നുണ്ട്. 
ബ്ലഡ് ബാങ്കിനും പേ വാര്‍ഡിനും വിശ്രമ മന്ദിരത്തിനുമായി 3.22 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുക. കെട്ടിടത്തിന്റെ താഴെ നിലയില്‍ ബ്ലഡ് ബാങ്കും ഒന്നും രണ്ടും നിലകളിലായി പേ വാര്‍ഡും വിശ്രമ മന്ദിരവുമാണ് ഒരുക്കുന്നത്.     മാതൃ ശിശു ആശുപത്രിയില്‍ നിന്ന് ബ്ലഡ് ബാങ്കിനെ ബ്രിഡ്ജ് വഴി നേരിട്ട്  ബന്ധിപ്പിക്കും.
മലപ്പുറം ജില്ലയിലെ  ആരോഗ്യമേഖല വികസനത്തിന്റെ നാഴികക്കല്ലാണ്  സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലൂന്നിയ പൊന്നാനിയിലെ മാതൃ ശിശു ആശുപത്രി. 2018 ഡിസംബര്‍ 30 നാണ് പുതുവത്സര സമ്മാനം പോലെ   മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃ ശിശു ആശുപത്രി പൊന്നാനിക്കാര്‍ക്ക് സമര്‍പ്പിച്ചത്. കിടത്തി ചികിത്സയ്ക്ക് മലപ്പുറം ജില്ലയുടെ എല്ലാ പ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് ചികിത്സ തേടി  പൊന്നാനിയിലെത്തുന്നത്. തൊട്ടടുത്ത പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും നിരവധി പേര്‍  ഈ ആശുപത്രിയില്‍ എത്തുന്നുണ്ട്.
23 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കായി 150 ഓളം കിടക്കകള്‍, ആധുനിക രീതിയിലുള്ള എ.സി ഓപ്പറേഷന്‍ തീയേറ്ററുകള്‍,   പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍, സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് സിസ്റ്റം, ലബോറട്ടറി, സ്‌കാനിംഗ്, ഫാര്‍മസി, എക്‌സറേ, കാരുണ്യ ഫാര്‍മസി, കാന്റീന്‍,  തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആശുപത്രിയില്‍ ലാന്‍സ്‌കേപ്പ് ചെയ്ത മുറ്റം, വാഹന പാര്‍ക്കിങ്  തുടങ്ങി നിരവധി സൗകര്യങ്ങളാണുള്ളത്.
മികച്ച ഡോക്ടര്‍മാരുടെ സേവനം, നേഴ്‌സുമാരുടെ പരിചരണം, സൗകാര്യ ആശുപത്രികളേക്കാള്‍ നല്ല സൗകര്യവും അന്തരീക്ഷവും തുടങ്ങിയവയെല്ലാം ഓരോ കുഞ്ഞിന്റെയും ജനനം  മാതൃ ശിശു ആശുപത്രിയില്‍ സുരക്ഷിതമാക്കുകയാണ്. 
 

date