ലൈഫ് ഭവന പദ്ധതി അപേക്ഷയ്ക്കുള്ള സഹായങ്ങളും നടപടിക്രമങ്ങളും വേഗത്തിലാക്കണം - ജില്ലാ കലക്ടര്‍
ലൈഫ് ഭവന പദ്ധതിയില്‍ അപക്ഷിക്കുന്നതിനുള്ള അവസാന തീയതിയായ സെപ്റ്റംബര്‍ ഒന്‍പതിന് മുന്‍പ് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കി നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ വികസന സമിതിയുടെ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപന ഭരണ സമിതികളുടെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ മേഖലകളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണവും പുരോഗതിയും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ നേരിട്ട് വിലയിരുത്തി ഉറപ്പ് വരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ പുരോഗതി നേരിട്ട് പരിശോധിച്ച് വിലയിരുത്തുമെന്ന് യോഗത്തില്‍ അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു.
പട്ടികജാതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി യോഗ്യതയുള്ള യുവതീ യുവാക്കള്‍ക്കായി തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുന്നതിന് അംഗീകാരമായി. ഡിപ്ലോമ കോഴ്സുകളായ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, പ്രൊഫഷണല്‍ അക്കൗണ്ടിംഗ്, അക്യുപംഗ്ചര്‍ ആന്റ് അക്യു തെറാപ്പി എന്നിങ്ങനെ മൂന്ന് മാസം കാലാവധിയുള്ള കോഴ്സുകളാണ് സ്‌റ്റൈപ്പെന്റോടെ നല്‍കുക. അപേക്ഷ ക്ഷണിച്ച് സൂക്ഷ്മ പരിശോധനകള്‍ക്ക് ശേഷം ഓണ്‍ലൈന്‍ വഴിയാണ് പ്രവേശനം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ നൈപുണ്യ വികസന പരിശീലന പദ്ധതിയിലൂടെ ആരംഭിച്ച കോഴ്സുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കും. ഡയറി മൃഗസംരക്ഷണ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി.
പട്ടികവര്‍ഗ മേഖലയായ ഉറുകുന്ന് കോളനിയിലെ തരിശ് ഭൂമി കൃഷിക്ക് ജൈവ വേലി അടക്കമുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നത്, പശു, കോഴി, ആട് വളര്‍ത്തല്‍, സ്വയം തൊഴില്‍ ധനസഹായം, കല്ലുവച്ച കോളനിയില്‍ ജലക്ഷാമം പരിഹരിക്കുന്നതിന് വാട്ടര്‍ ടാങ്ക് വാങ്ങി നല്‍കുന്നത് അടക്കമുള്ള പദ്ധതികള്‍ക്ക് യോഗത്തില്‍ അംഗീകാരമായി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇ എസ് രമാദേവി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ജെ ആമിന, ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍, ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2372/2020)
- Log in to post comments