Skip to main content

വെല്ലുവിളികള്‍  അവസരമാക്കി മാറ്റണം - എന്‍ കെ പ്രേമചന്ദ്രന്‍ എം പി

കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന കശുവണ്ടി  മേഖലയുള്‍പ്പെടുന്ന പാരമ്പരാഗത വ്യവസായങ്ങളും ചെറുകിട-ഇടത്തരം സംരംഭകരും   അനുവദിക്കപ്പെട്ടിട്ടുള്ള പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ ഫലപ്രദമായി വിനിയോഗിച്ച് ഇന്നത്തെ വെല്ലുവിളികളെ അവസരങ്ങളായി മാറ്റണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന വിവിധ വായ്പാ  പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായ ജില്ലാ തല കണ്‍സള്‍ട്ടേറ്റീവ് സമിതിയുടെ ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡുമായി ബന്ധപ്പെട്ട അടച്ചിടല്‍ മൂലം ബുദ്ധിമുട്ടിലായ തൊഴില്‍ മേഖലകള്‍ക്ക് ഉത്തേജനം നല്‍കുന്ന തരത്തില്‍ വായ്പാ വികേന്ദ്രീകരണം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.
വ്യാവസായിക മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത്  അഭിയാന്‍ പദ്ധതിയുടെ വിശദാംശങ്ങളും ജില്ലയിലെ പുരോഗതിയും ആവശ്യമായ ഭേദഗതികളും യോഗം ചര്‍ച്ച ചെയ്തു. പദ്ധതിയുടെ നടത്തിപ്പുമായി  ബന്ധപ്പെട്ട്  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍  യോഗത്തില്‍ അവതരിപ്പിച്ചു.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും  അനുവദിക്കുന്ന വായ്പകളുടെ അവലോകനവും യോഗത്തില്‍ നടന്നു. നബാര്‍ഡ് ജില്ലാ ഡെവലപ്‌മെന്റ് മാനേജര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധി, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ റീന സൂസന്‍ ചാക്കോ, വ്യാവസായിക കേന്ദ്രം മാനേജര്‍ ഹെലന്‍ ജെറോം, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ്, വിവിധ ദേശസാല്‍ക്കൃത ബാങ്ക് പ്രതിനിധികള്‍  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 (പി.ആര്‍.കെ നമ്പര്‍ 2414/2020)

date