വനാന്തരങ്ങളില്‍ ജോലി ചെയ്യുന്ന വനപാലകര്‍ക്ക് അഭയമായി ഫോറസ്റ്റ് സ്‌റ്റേഷന്‍ കോംപ്ലക്‌സ്
എറണാകുളം: മൂന്നാര്‍, മറയൂര്‍, മാങ്കുളം, ചിന്നാര്‍, ഇരവികുളം ഉള്‍പ്പടെയുള്ള വനമേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന വനം വകുപ്പ് ജീവനക്കാര്‍ക്ക് ആശ്രയമായി കോതമംഗലം ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടില്‍ നിര്‍മ്മിച്ച ഫോറസ്റ്റ് സ്റ്റേഷന്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം വനം, വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിച്ചു. കോതമംഗലം മേഖലയിലുണ്ടാകുന്ന അഭൂത പൂര്‍വ്വമായ വികസനപ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമാണ് അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫോറസ്റ്റ് സ്‌റ്റേഷന്‍ കോംപ്ലക്‌സെന്ന് മന്ത്രി പറഞ്ഞു. കോടികള്‍ മുടക്കിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ കോംപ്ലക്‌സ് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനായത് വലിയ നേട്ടമാണ്. വനപാലകര്‍ക്കായി കേരളത്തില്‍ ആദ്യമായാണ് ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നത്. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. ദൂരെ സ്ഥലങ്ങളില്‍ നിന്ന് വനാന്തരങ്ങളില്‍ ജോലി ചെയ്യുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വീടുകളില്‍ പോയി വരാനുള്ള സാഹചര്യമില്ല. അവര്‍ക്ക് കുടുംബത്തോടൊപ്പം ജോലി സ്ഥലത്തിനടുത്ത് താമസ സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വനം വകുപ്പ് ജീവനക്കാര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിട സമുച്ചയമൊരുക്കുകയുമാണ് സര്‍ക്കാര്‍.
വന്യജീവി-മനുഷ്യ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. വന്യ ജീവികളുടെ എണ്ണം വര്‍ധിക്കുകയും വനത്തിനുള്ളില്‍ അവയ്ക്ക് വെള്ളവും ഭക്ഷണവും ലഭിക്കാതെ വരുന്നതുമാണ് ഇതിന് കാരണം. നാട്ടിലിറങ്ങുന്ന വന്യജീവികള്‍ കര്‍ഷകര്‍ക്കുണ്ടാക്കുന്ന നഷ്ടങ്ങള്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി. വന്യജീവി ആക്രമണം മൂലം മനുഷ്യ ജീവന് ആപത്തുണ്ടായാല്‍ നല്‍കുന്ന നഷ്ടപരിഹാര തുക അഞ്ച ലക്ഷത്തില്‍ പത്ത് ലക്ഷമാക്കി. ഈ തുക കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചു. എല്ലാ ജില്ലകളിലും വന അദാലത്തുകള്‍ സംഘടിപ്പിച്ചു. നാലായിരത്തോളം അപേക്ഷകളാണ് അദാലത്തുകളില്‍ ലഭിച്ചത്. അദാലത്തില്‍ മാത്രം അഞ്ച് കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.
വനമേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സംരക്ഷണമുറപ്പാക്കാനായി അവിടത്തെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ കഴിയുംവിധം വലിയ അധികാരമാണ് സമിതിക്ക് നല്‍കിയിരിക്കുന്നത്. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കൃഷിയിടത്തില്‍ വെച്ച് കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാന്‍ അനുമതി നല്‍കുന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. ജനജാഗ്രതാ സമിതിയുടെ മേല്‍നോട്ടത്തില്‍ ഫോറസ്റ്റ് ഓഫീസറുടെയും റേഞ്ച് ഓഫീസറുടെ അനുമതിയോടെ ലൈസന്‍സുള്ള തോക്കുളള എംപാനല്‍ പട്ടികയിലുള്ളവരെക്കൊണ്ട് മാത്രമേ പന്നികളെ കൊല്ലാവൂ എന്നു നിബന്ധനയുണ്ട്. ഈ നടപടിയിലൂടെ പന്നികളുടെ ശല്യം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പാമ്പ് പിടുത്തക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നതിനുള്ള സ്വീകരിച്ചിട്ടുണ്ട്. വനം വകുപ്പിലെ 525 ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്കു മാത്രമേ പാമ്പ് പിടിക്കാന്‍ അനുമതിയുള്ളൂ. പൊതുജനങ്ങള്‍ക്കും ഇത്തരം പരിശീലനം നേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
മൃഗങ്ങളുടെ സ്വതന്ത്രവും സ്വതസിദ്ധവുമായ ആവാസ വ്യവസ്ഥ നിലനിര്‍ത്തി പുത്തൂരില്‍ നിര്‍മ്മിക്കുന്ന മൃഗശാലയുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ആന പരിപാലന കേന്ദ്രത്തിനായി 125 കോടിയാണ് കിഫ്ബിയില്‍ നിന്നു ലഭിച്ചിരിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി 120 കോടിയും കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ വനാവരണവും വനവിസ്തൃതിയും വര്‍ധിച്ചുവെന്ന് മന്ത്രി പറഞ്ഞു. മറിച്ചുള്ള പ്രചാരണം ശരിയല്ല. വനാവരണം ഏറ്റവുമധികമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. വനവിസ്തൃതിയിലും വര്‍ധനയുണ്ടായിട്ടുണ്ട്. വന സംരക്ഷണത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും ആവശ്യകത തിരിച്ചറിഞ്ഞുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതിസന്ധികളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതോടൊപ്പം വികസനപ്രവര്‍ത്തനങ്ങളിലും മുന്നിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.
നബാഡിന്റെ 4 കോടി 75 ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 25 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഫ്‌ളാറ്റ് സമുച്ചയം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മ്മാണച്ചുമതല. രണ്ടു ബ്ലോക്കുകളായി നിര്‍മ്മിച്ചിരിക്കുന്ന സമുച്ചയത്തില്‍ 20 ഫ്‌ളാറ്റുകളാണുള്ളത്. 800 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ളതാണ് ഫ്‌ളാറ്റുകള്‍. വൈദ്യുതി കണക്ഷന്‍ ഗാര്‍ഹിക കണക്ഷനായി ലഭിക്കുന്ന മുറയ്ക്ക് ഫ്‌ളാറ്റ് ജീവനക്കാര്‍ക്ക് അലോട്ട് ചെയ്ത് തുടങ്ങും. കോട്ടയം ഹൈറേഞ്ചിന്റെ പരിധിയിലുള്ള കോതമംഗലം, മൂന്നാര്‍, മറയൂര്‍, മാങ്കുളം, കാന്തല്ലൂര്‍, ചിന്നാര്‍ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ജോലി ചെയ്യുന്ന വനം വകുപ്പ് ജീവനക്കാരുടെ പാര്‍പ്പിട പ്രശ്‌നപരിഹാരമായി സമുച്ചയം മാറുകയാണ്.
അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു. ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് പി.കെ. കേശവന്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (പി&ഡി) ദേവേന്ദ്രകുമാര്‍ വര്‍മ്മ, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹൈറേഞ്ച് സര്‍ക്കിള്‍, ജോര്‍ജി പി. മാത്തച്ചന്‍, ഫീല്‍ഡ് ഡയറക്ടര്‍ കെ.ആര്‍. അനൂപ്, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കോട്ടയം എ. രഞ്ജന്‍, മലയാറ്റൂര്‍ ഡിഎഫ്ഒ നരേന്ദ്ര ബാബു, ഡിഎഫ്ഒ ഫ്‌ളയിംഗ് സ്‌ക്വാഡ് സാജു വര്‍ഗീസ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. രാഹുല്‍, പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പ്രൊജക്ട് എന്‍ജിനീയര്‍ എ.എം. ജബ്ബാര്‍, കൗണ്‍സിലര്‍മാരായ പ്രിന്‍സി എല്‍ദോസ്, കെ.എ. നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയില്‍ നിന്ന് നിന്ന് ജനവാസ മേഖലയെ ഒഴിവാക്കും: മന്ത്രി
കുട്ടമ്പുഴ ടൗണ്‍ അടക്കമുള്ള ജനവാസമേഖലയെ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 9 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ജനവാസ മേഖലയാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ നിയന്ത്രങ്ങള്‍ക്കു കീഴിലുള്ളത്. ജനവാസ മേഖലയായതിനാല്‍ ഇത് അവിടുത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഇതു തടസമുണ്ടാക്കുന്നുണ്ട്. ഒഴിവാക്കുന്ന മേഖലയ്ക്ക് പകരമായി നേര്യമംഗലം ഭാഗത്തെ വനപ്രദേശം ഏറ്റെടുത്ത് പക്ഷി സങ്കേതത്തോട് കൂട്ടിച്ചേര്‍ക്കും. ഇതിനാല്‍ പക്ഷിസങ്കേതത്തിന്റെ വിസ്തൃതിയിലും കുറവുണ്ടാകില്ല. ഇക്കാര്യത്തില്‍ കേന്ദ്രാനുമതി ലഭിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
- Log in to post comments