ബ്ലൂ ഫ്ലാഗ് പദവിക്കായി കാപ്പാട് ഒരുങ്ങി
ടൂറിസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റിന് കാപ്പാട് കടൽത്തീരം ഒരുങ്ങി. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് സർട്ടിഫിക്കേഷനുവേണ്ടി ഒരുക്കങ്ങൾ പൂർത്തിയാക്കിയ രാജ്യത്തെ മറ്റ് 7 തീരങ്ങളിലായി കൂടി നടന്ന 'അയാം സേവിങ് മൈ ബീച്ച്' എന്ന് ആലേഖനം ചെയ്ത പതാകയുയർത്തൽ ചടങ്ങ് ആനിമേഷൻ ചിത്രീകരണം വഴി കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് സെക്രട്ടറി ആർ.പി ഗുപ്ത ഉദ്ഘാടനം ചെയ്തു.
ഇതിന്റെ ഭാഗമായി കാപ്പാട് നടന്ന പതാകയുയർത്തൽ കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. ബ്ലൂഫ്ലാഗ് സർട്ടിഫിക്കേഷനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ട് ബീച്ചുകളിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക ബീച്ചാണ് കാപ്പാട്. പരിസ്ഥിതി സൗഹൃദപരവും സുരക്ഷയും പരിസ്ഥിതി ബോധവത്കരണം ഉയർത്തിപ്പിടിക്കുന്നതും ഭിന്നശേഷി സൗഹൃദപരവും ആയ ബീച്ചുകളെയാണ് ബ്ലൂ ഫ്ലാഗിന് വേണ്ടി പരിഗണിക്കുന്നത്. ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ലോക വിനോദ സഞ്ചാരികളുടെ ഭൂപടത്തിൽ സവിശേഷമായ സ്ഥാനമാണ് കാപ്പാടിന് കൈവരുന്നത്. എം.എൽ.എ ചെയർമാനും ജില്ലാ കലക്ടർ നോഡൽ ഓഫീസറുമായ ബീച്ച് മാനേജ്മന്റ് കമ്മിറ്റി ആണ് നവീകരണ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നത്. ഡൽഹി ആസ്ഥാനമായിട്ടുള്ള എ ടു ഇസെഡ് ഇൻഫ്രാസ്ട്രെക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിർമാണ പ്രവർത്തികൾ നടത്തുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്. ഐ.സി. ഒ. എം (സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്മെന്റ്) ലോക ബാങ്ക് സഹായത്തോടെ അനുവദിച്ച 8 കോടി രൂപയാണ് ബീച്ച് നവീകരണത്തിനായി വിനിയോഗിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ സാംബശിവറാവു, സബ് കലക്ടർ ജി പ്രിയങ്ക, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, ഡി.ടി.പി.സി സെക്രട്ടറി ബീന, വാർഡ് കൗൺസിലർമാരായ എൻ.ഉണ്ണി, മാടഞ്ചേരി സത്യനാഥൻ, ഹഫ്സ മനാഫ്, ഷാഹിദ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments