ജില്ലാ ആശുപത്രിയില്‍ ട്രോമ കെയര്‍ തുടങ്ങും - ആരോഗ്യ മന്ത്രി.
ജില്ലാ ആശുപത്രിയില്‍ ട്രോമ കെയര്‍ ചികിത്സാ സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യ- സാമൂഹിക നീതി വകുപ്പ് കെ.കെ. ശൈലജ പറഞ്ഞു. ഗവ. നഴ്സിങ് സ്കൂളില്‍ പുതുതായി നിര്‍മിച്ച പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന്‍റേയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ആശുപത്രിയില്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സര്‍ക്കാറിന് നല്‍കണം. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ്ണ മാറ്റങ്ങളാണ് ലക്ഷ്യം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി നിരവധി തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. പാരിപ്പിള്ളി മെഡിക്കല്‍ കോളെജില്‍ മാത്രം 680 തസ്തികകളില്‍ നിയമനം നടത്തി. കളമശ്ശേരി മെഡിക്കല്‍ കോളെജിന് കിഫ്ബി ഫണ്ടുപയോഗിച്ച് 350 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മെഡിക്കല്‍ കോളെജുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുമെന്നും ആര്‍ദ്രം പദ്ധതിയ്ക്ക് വലിയ ജനകീയ പിന്തുണയാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിന്‍റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 2.75 കോടി വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത് . നഴ്സിങ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി അധ്യക്ഷയായി. ജില്ലാ കലക്റ്റര്‍ ഡോ. പി. സുരേഷ് ബാബു മുഖ്യാതിഥിയായി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ബിനുമോള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ. പി. റീത്ത, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments