നെടുമ്പന ഇനി തരിശ് രഹിത ഗ്രാമപഞ്ചായത്ത്
നെടുമ്പന ഇനി തരിശുരഹിത ഗ്രാമപഞ്ചായത്ത്. ഔദ്യോഗിക പ്രഖ്യാപനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
ഹരിതകേരളം മിഷന്റെ തരിശ് രഹിത പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ആകെയുള്ള 150 ഹെക്ടര്‍ നെല്‍പ്പാടത്തില്‍ 138 ഹെക്ടറിലും കൃഷിയിറക്കി. പതിനഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്ന നെല്‍പ്പാടങ്ങള്‍ കണ്ടെത്തി ജനകീയ കൂട്ടായ്മയിലൂടെയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. കൃഷി വകുപ്പിന്റെ പൂര്‍ണ പിന്തുണയ്ക്കൊപ്പം നെടുമ്പന സര്‍വീസ് സഹകരണ ബാങ്ക്, കുടുംബശ്രീ യൂണിറ്റുകള്‍, എം കെ എസ് പി എന്നിവരുടെ സഹകരണവും ലഭിച്ചു.
ഇടവിള കൃഷികളായ കിഴങ്ങ് വര്‍ഗങ്ങള്‍, വാഴ, ഇഞ്ചി തുടങ്ങിയവ 2024 ഹെക്ടറില്‍ വ്യാപിപ്പിച്ചു. 3100 കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്തും ഗ്രോബാഗും നല്കി. പഞ്ചായത്തില്‍ മാതൃകാ ഹരിതഗൃഹം പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. പ്രതിവര്‍ഷം ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഇടവിള കൃഷി കിറ്റും ജൈവ വളവും ജൈവ കീടനാശിനികളും വിതരണം ചെയ്തു വരുന്നു. പ്രതിവര്‍ഷം 5000 തെങ്ങിന് തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന നഴ്സറിയും കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷികോത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായി വി എഫ് പി സി കെ, സമൃദ്ധി, ഇക്കോഷോപ്പ് തുടങ്ങിയവയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ ആറാമത്തെയും മുഖത്തല ബ്ലോക്കിന് കീഴിലെ ആദ്യത്തെയും തരിശ് രഹിത പഞ്ചായത്താണ് നെടുമ്പന.
ചടങ്ങില്‍ നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ•ാരായ നിഷ സാജന്, ടി എന്‍ മന്‍സൂര്‍, വാര്‍ഡ് മെമ്പര്‍ സന്തോഷ്, ഹരിതകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഐസക്, കൃഷി ഓഫീസര്‍ ഷംന, നെടുമ്പന പഞ്ചായത്ത് സെക്രട്ടറി ഹാരിസ് മുഹമ്മദ് കോയ, ഹരിതകേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ കാവ്യ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2658/2020)
- Log in to post comments