Skip to main content

പുനലൂര്‍ ജി എച്ച് എസ് എസ് ഹൈടെക്കായി നിയോജക മണ്ഡലപ്രഖ്യാപനം വനംവകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ ഉന്നമനത്തിനായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെ പുനലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക്കായി. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. നിയോജക മണ്ഡല തല പ്രഖ്യാപനം വനം-വന്യജീവി വകുപ്പ് മന്ത്രി  കെ രാജു വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ വരെയുള്ള എല്ലാ പൊതുവിദ്യാലയങ്ങളിലും ലാബുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് സ്‌കൂളുകളെ സമ്പൂര്‍ണമായി ഹൈടെക് പദവിയിലെത്തിച്ചു.  ഇതിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകള്‍ക്ക് 3100 ഓളം ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കി. വിദ്യാഭ്യാസ മേഖലയിലെ ഈ വികസനം എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയില്‍ നിന്നും അനുവദിച്ച മൂന്നു കോടി രൂപ വിനിയോഗിച്ച്  രണ്ട് നിലകളിലായാണ് ഹൈടെക് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. 12 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടര്‍ ലാബും അടങ്ങുന്നതാണ് കെട്ടിടം. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ 1500 ഓളം വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്
ചടങ്ങില്‍ പുനലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ എ ലത്തീഫ് അധ്യക്ഷനായി.  വൈസ് ചെയര്‍പേഴ്‌സണ്‍ സബീന സുധീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാ•ാരായ സാബു അലക്‌സ്, സുജാത, പുനലൂര്‍ ഡി ഇ ഒ സി.അംബിക, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാജശ്രീ, പി ടി എ പ്രസിഡന്റ് ഡേവിഡ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2746/2020)

date