ലൈഫ് പദ്ധതി തുണയായി : രാമചന്ദ്രന് ഇനി സ്വന്തം വീട്ടില്‍ കഴിയാം
ബസ് സ്റ്റാന്‍ഡുകളില്‍ ഭിക്ഷാടനം നടത്തി കഴിഞ്ഞിരുന്ന പ്രമാടം സ്വദേശിയായ രാമചന്ദ്രന് ലൈഫ് സ്പില്‍ഓവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി ബ്ലോക്ക് പഞ്ചായത്ത് വീട് നിര്‍മിച്ചു നല്കി മാതൃകയായി. 2011-12 ല്‍ ബ്ലോക്ക് പഞ്ചായത്തിലെ വീടിനുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന രാമചന്ദ്രന് വീട് പണിയുന്നതിന് നേരത്തേ പണം അനുവദിച്ചിരുന്നുവെങ്കിലും പണി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. വിവിധ സ്ഥലങ്ങളില്‍ ഭിക്ഷാടനം നടത്തിയിരുന്ന ഇദ്ദേഹത്തെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന അനീഷ് കുമാറിന്റെ ശ്രമഫലമായി കണ്ടെത്തി. ഉയര്‍ന്ന പ്രദേശമായിരുന്നതിനാല് സാധനങ്ങള്‍ എത്തിക്കുന്നതിന് ബുദ്ധിമുട്ടായതിനാല്‍ പണി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകാതെ വന്നതോടെ പ്ലാന്റേഷന് കോര്‍പറേഷനില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി അവരുടെ സ്ഥലത്തുകൂടി നിര്‍മാണ സാമഗ്രികള്‍ സൈറ്റിലെത്തിച്ചു. ഒരു മേസ്തിരിയുടെ സഹായത്തോടെ തൊഴിലാളികളെ കണ്ടെത്തി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തന്നെ മുന്‍കൈയെടുത്ത് വീട് പൂര്‍ത്തി യാക്കി നല്‍കുകയായിരുന്നു. ലൈഫ് പദ്ധതിക്കുവേണ്ടിയുള്ള ഫണ്ടും ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടും ചേര്‍ത്താണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
- Log in to post comments