Skip to main content

തൊഴില്‍മേഖലകളിലെ മാറ്റങ്ങള്‍ക്കനുസൃതമായി യുവാക്കളുടെ നൈപുണ്യശേഷി വര്‍ധിപ്പിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

ആധുനിക തൊഴില്‍ മേഖലകളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ഥികളുടെയും  യുവാക്കളുടെയും നൈപുണ്യശേഷി ഉയര്‍ത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍. കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തും വിദേശത്തുമുള്ള  പ്രമുഖ ഡിസൈന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന മികച്ച സ്ഥാപനമാക്കി കെ എസ് ഐ ഡി യെ വളര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രൊഡക്ട് ഡിസൈന്‍ രംഗത്ത് കേരളത്തിലെ ഏക നൈപുണ്യ വികസന സ്ഥാപനമാണ് കെ എസ് ഐ ഡി പരമ്പരാഗത കരകൗശല തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ആധുനിക ഡിസൈന്‍ സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തി പരിശീലനം നല്‍കുക എന്നതായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമികലക്ഷ്യം. ഇതോടൊപ്പം ഡിസൈനര്‍മാരെ വാര്‍ത്തെടുത്ത് സംസ്ഥാനത്തിന്റെ വികസനപ്രക്രിയയില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യവും ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ടുവെക്കുന്നു. ഇതിനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2015 ലാണ് ഡിസൈനിംഗില്‍ പി ജി ഡിപ്ലോമ കോഴ്സുകള്‍ക്ക് തുടക്കം കുറിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് വികസനത്തിന്റെ ഭാഗമായി ഈ വര്‍ഷം ഡിസൈനിംഗില്‍ ബിരുദ കോഴ്സ് ആരംഭിക്കും. ഇതിന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെയും എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെയും അംഗീകാരം ലഭിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെയും ഹോസ്റ്റല്‍ ബ്ലോക്കിന്റെയും നിര്‍മാണപ്രവൃത്തി പുരോഗമിക്കുകയാണ്. നാഷണല്‍ റിസോഴ്സ് സെന്റര്‍, ഫാബ് ലാബ് എന്നിവക്ക് ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. നാഷണല്‍ റിസോഴ്സ് സെന്റര്‍ നിര്‍മാണപ്രവൃത്തി ഈ വര്‍ഷം ആരംഭിക്കും. ആറു നിലകളിലായി ഓഡിറ്റോറിയം, റിസോഴ്സ് സെന്റര്‍, ലൈബ്രറി, ക്ലാസ്മുറികള്‍ തുടങ്ങിയവ  സജ്ജീകരിക്കും. പുതിയ ഹോസ്റ്റലിന്റെ രൂപരേഖയും തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2016-17 വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ 26 പേര്‍ക്കും 2015 ബാച്ചിലെ നാലുപേര്‍ക്കുമായി പി ജി ഡിപ്ലോമ സമ്മാനിച്ച ചടങ്ങില്‍ ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കരകൗശല  രംഗത്തെ പുഷ്ടിപ്പെടുത്തുന്നതിനും  മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രചോദനം ആകുന്നതിനും കെ എസ് ഐ ഡി യ്ക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു.
കഠിനാധ്വാനവും സൃഷ്ടിപരമായ ചിന്താഗതിയും നല്ല ആശയ വിനിമയവുമാണ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന ഘടകങ്ങളെന്ന് ചടങ്ങില്‍ ബിരുദദാനം  നിര്‍വ്വഹിച്ചുകൊണ്ട്  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച് സെന്റര്‍ ഡയറക്ടര്‍ പ്രൊഫ ജെറുഗു നരസിംഹ മൂര്‍ത്തി പറഞ്ഞു.  തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന്‍ മുഖ്യപ്രഭാഷണം നടത്തി.
കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സ് മാനേജിങ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍ സ്വാഗതം ആശംസിച്ചു. കെ എസ് ഐ ഡി  പ്രിന്‍സിപ്പല്‍  ഡോ കെ മനോജ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ എസ് ഐ ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍  എന്‍ ഗിരിധരന്‍ നായര്‍ കൃതജ്ഞത രേഖപ്പെടുത്തി.
(പി.ആര്‍.കെ നമ്പര്‍ 2780/2020)

 

date