Skip to main content

കൊല്ലം മെഡിക്കല്‍ കോളേജിലെ ട്രോമകെയറിന് അഞ്ച് കോടി

കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുതായി ട്രോമകെയര്‍ വാര്‍ഡും ട്രോമകെയര്‍ ഐ.സി.യു.വും നിര്‍മ്മിക്കുന്നതിനായി അഞ്ച് കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അപകടങ്ങളില്‍പ്പെട്ടവര്‍ക്ക് ഉടന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനാണ് മികച്ച ട്രോമകെയര്‍ സംവിധാനമൊരുക്കുന്നത്. കൊല്ലം മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജന്‍മാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ പാതയ്ക്ക് സമീപം സ്ഥിതിചെയ്യുന്നതുകൊണ്ട് അപകടത്തില്‍പ്പെടുന്ന നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത്. 500 മുതല്‍ 700 വരെ ആളുകളാണ് ദിവസംതോറും അത്യാഹിതവിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തുന്നത്. ഇതില്‍ ഏകദേശം 200 ഓളം പേര്‍ അപകടത്തില്‍പ്പെട്ട് വരുന്നവരാണ്. ഇവര്‍ക്ക് പ്രത്യേക പരിചരണം നല്‍കുന്നതിന്റെ ഭാഗമായാണ് ട്രോമകെയര്‍ സംവിധാനമൊരുക്കുന്നത്. രണ്ട് വാര്‍ഡുകളിലായി 60 കിടക്കകളാണ് സജ്ജമാക്കുന്നത്. ഇതോടൊപ്പം 10 കിടക്കകളുള്ള ട്രോമകെയര്‍ ഐ.സി.യുവും നിര്‍മ്മിക്കും.
    പുതുതായി സ്ഥാപിച്ച സി.ടി. സ്‌കാനിംഗ് മെഷീന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്തനാര്‍ബുദം കണ്ടെത്തുന്നതിനും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുമായി സ്ഥാപിച്ച മാമോഗ്രാഫി മെഷീന്‍ 15 ദിവസത്തിനകം പ്രവര്‍ത്തനക്ഷമമാകും.  എട്ട് കോടി ചെലവഴിച്ച് കാത്ത് ലാബ് സൗകര്യവും 12 യൂണിറ്റുകളുള്ള ഡയാലിസിസ് യൂണിറ്റും ഉടന്‍ സ്ഥാപിക്കും.
പി.എന്‍.എക്‌സ്.1138/18

date