Skip to main content

അതിജീവനത്തിനായി പച്ചത്തുരുത്തുകള്‍,   കൈകോര്‍ത്ത് കരുനാഗപ്പള്ളി നഗരസഭയും

അതിജീവനത്തിനായി  ജൈവവൈവിധ്യത്തിന്റെ   പച്ചതുരുത്തുകള്‍ ഒരുക്കിയ  കരുനാഗപ്പള്ളി നഗരസഭയ്ക്ക് ഹരിത കേരളം മിഷന്റെ പച്ചതുരുത്ത് അവാര്‍ഡ്. തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തദ്ദേശീയമായ വൃക്ഷങ്ങളും സസ്യങ്ങളും വച്ചുപിടിപ്പിച്ച് സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിക്കുന്നതിനാണ് അവാര്‍ഡ്. ആയിരം പച്ചത്തുരുത്തുകളുടെ സംസ്ഥാനതല ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.
കരുനാഗപ്പള്ളി ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി അങ്കണത്തില്‍ വളര്‍ത്തിയ ഔഷധ കാടാണ്  അവാര്‍ഡിനര്‍ഹമായത്. രണ്ട്  സെന്റ് സ്ഥലത്താണ് ഇവിടെ ഔഷധ വനം ഒരുക്കിയത്. കൂടാതെ നഗരസഭയുടെ ക്രിമിറ്റോറിയം സ്ഥിതിചെയ്യുന്ന   40 സെന്റ് സ്ഥലത്ത് കൊച്ചി മംഗളവനം മാതൃകയില്‍ ചെറുകാട് വളര്‍ത്തുന്നതിനുള്ള നടപടികളും ആയിട്ടുണ്ട്. മുള, കുറ്റിച്ചെടികള്‍,  ഔഷധച്ചെടികള്‍, വൃക്ഷങ്ങള്‍,  ജൈവവേലി എന്നിങ്ങനെ പ്രദേശത്തിന് അനുയോജ്യമായ മാതൃകകള്‍ ഒരുക്കുകയാണ് ചെയ്യുന്നത്. ഒരു പ്രത്യേക സ്ഥലത്ത് ഒരുമിച്ച് ജൈവവൈവിധ്യത്തിന്റെ  മാതൃകകള്‍ സൃഷ്ടിക്കാനാണ് ഇതിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നഗരസഭയില്‍ നടന്ന ചടങ്ങില്‍ നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ അവാര്‍ഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സീനത്തിന് കൈമാറി. യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍•ാന്‍ രവീന്ദ്രന്‍ പിള്ള, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍•ാരായ ശിവരാജന്‍, സുരേഷ് പുന്നക്കുളങ്ങര, നഗരസഭാ സെക്രട്ടറി ഫൈസല്‍, പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വിജയ ഭാനു എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുബേദ കുഞ്ഞുമോന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ നന്ദിയും പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍ 2792/2020)

 

date