ജില്ലയിലെ ആദ്യ പോത്ത് ഗ്രാമമായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്
സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലാദ്യമായി പോത്തുകളെ വിതരണം ചെയ്യുന്ന പോത്തുഗ്രാമം പദ്ധതി നടപ്പിലാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല നിര്‍വഹിച്ചു. ഉപജീവനമാര്ഗത്തോടൊപ്പം ശുദ്ധമായ മാംസവും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷ ശ്രീജ ഹരീഷ് അധ്യക്ഷയായി. ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നാക്കാം നില്ക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 125 പേര്‍ക്കാണ് പോത്തുകളെ നല്‍കിയത്. 11.25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 75 ശതമാനം സബ്സിഡി നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ സുന്ദരേശന്, ഡി ഗിരികുമാര്‍, മൈലക്കാട് സുനില്‍, എ ആശാദേവി, ആര് എസ് ജയലക്ഷ്മി, വെറ്റിനറി ഡോക്ടര്‍ അനുപമ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ശംഭു തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2849/2020)
- Log in to post comments